Friday, October 26, 2012

ശുനകശിരോമണി

ശുനകനൊരുത്തനെ വഴിയില്‍ കണ്ടു
ശുനകാ എന്ന് വിളിച്ചത് മൂലം 
വിനയായ്‌ത്തീര്‍ന്നൊരു കഥ പറയാം ഞാന്‍,
മനിതന്മാരിത് കേള്‍ക്കുക നന്ന്.
ശുനകാ എന്നൊരു പേര് വിളിച്ചത്
ശുനകന്മാര്‍ക്ക് രസിച്ചില്ലയ്യാ!
ശുനകന്മാരത കൂട്ടം കൂടീ-
ട്ടനിയനെയന്നു കടിച്ചു നുറുക്കാന്‍.
അനിയനെ തൊടുവാന്‍ കിട്ടാത്തതിനാല്‍
ശുനകന് ദ്വേഷ്യമതങ്ങു പെരുത്തു.
“ശുനകാ എന്നൊരു പേര് വിളിച്ച്
മേനക മക്കളെയപമാനിക്കാന്‍
മനിതനിതെങ്ങനെ ധൈര്യം വന്നു?
മോനെ നിനക്കൊരു പണി തന്നീടാം!”
എന്ന് പറഞ്ഞവന്‍ കയറിച്ചെന്നി-
ട്ടെസ്സൈയോടു പരാതി പറഞ്ഞു.
“ഹമ്പട അവനിന്നത്രക്കായോ?
വമ്പന്‍ നമ്മളെ വെല്ലുവിളിക്കാന്‍?
ചൂരല്‍ വടിയും കയ്യിലെടുത്തു
നേരെ വന്നവനെന്നെ പിടിച്ചു.
“മേനക മക്കളെ ആരാടാ നീ
ശുനകാ എന്ന് വിളിക്കാന്‍ പോന്നോന്‍?”
എന്ന് പറഞ്ഞവനാക്രോശിച്ചു,
മൂന്നാലടിയന്നേരം തന്നു,
സെല്ലില്‍ ചെന്നതില്‍ ശേഷം പിന്നെ
കൊല്ലാക്കൊല ചെയ്തെന്നെ ശരിക്കും.
എസ്പീയന്നൊരു ചാര്‍ജ്ജു ചുമത്തി.
എസ്പീസിഎ എന്ന വകുപ്പില്‍
ഇട്ടു റിമാന്‍ഡില്‍ രണ്ടാഴ്ചയ്ക്കായ്‌
വെട്ടിലതാക്കിയതെന്തൊരു കഷ്ടം!
പിന്നെക്കോടതി കയറിയിറങ്ങല്‍
ഇന്നും എന്നും പതിവായ്‌ മാറി.
കനകം തന്നാല്‍ പോലും ഞാനിനി
ശുനകനെ ശുനകന്‍ എന്ന് വിളിക്കാ.

ഉളുഹിയത്ത്

പോത്തുകളനവധി മദ്ബൂഹായി,
പുണ്യ പെരുന്നാള്‍ ബഹുജോറായി,
പള്ളകളേറെയും നാല്‍ക്കാലികളുടെ ചുടലയുമായി-
ട്ടള്ളോ! ഭേരി മുഴക്കാം ഇനിയുമുറക്കെ തക്ബീറായി. 
നോമ്പ്. സക്കാതുമതൊന്നും വേണ്ട!
നിസ്ക്കാരം ഒഴിവുണ്ടേലാകാം,
നടപടി മുഴുവന്‍ ഇസ്ലാമിന്നു വിരുദ്ധവുമാവാം,
നരനാണെന്ന് കുറിക്കും ലക്ഷണമൊന്നുമശേഷം വേണ്ടാ,
നേരെ സ്വര്‍ഗ്ഗം പൂകാന്‍ വരുവിന്‍ കൂട്ടരെ, നിരനിരയായി !

Friday, October 12, 2012

പരദേശി


വിഷനുകള്‍ ഏറെയെന്നകതാരിലേറ്റി ഞാന്‍
വിസയൊന്നതൊപ്പിച്ചു ഗള്‍ഫിലേക്ക് .
ഒട്ടുനാളൊരുപാടലച്ചിലിന്‍ ശേഷമായ്‌
ഒട്ടകം മേയ്ക്കുന്നൊരു ജോലി കിട്ടി.
ഇരവിന്‍ തണുപ്പിലും പകലിന്‍റെ വേവിലും
കരളെന്‍റെതൊരുപോലെ ചുട്ടുനീറി.
മരുഭൂവിലന്നങ്ങിനെ ഉഴലുന്ന വേളയില്‍
മലയാളി ഒരുവന്‍റെ കൂട്ട് കിട്ടി.
എരിവുള്ള നൊമ്പരക്കഥകള്‍ പരസ്പരം
ഇരുവരും കൈമാറി നാള്‍കള്‍ നീക്കി.
കരയും സുഹൃത്തിന്‍റെ കഥകള്‍ ശ്രവിക്കവേ
കരയാതിരിക്കാന്‍ കഴിഞ്ഞതില്ല.
കര കാണാക്കടലില്‍ പെട്ടുഴലുമാ മര്‍ത്യന്നു 
ഒരു താങ്ങ് നല്‍കുവാനാശ തോന്നി .
അര മുറുക്കീട്ടു സ്വരൂപിച്ചതിന്മേലെ
അരികത്തെ ഫ്ലാറ്റിന്നു കടമായെടുത്തതും
കരതലത്തേക്ക് ഞാന്‍ കടമായ്‌ കൊടുത്തുപോയ്‌
കനിവിന്‍റെ നൊമ്പരക്കാഴ്ച പോലെ.
മൃതുവായ് ചിരിക്കുന്ന സാധുവാ മര്‍ത്യന്നു
കൊതുകിന്‍റെ മനമുള്ളതാരറിഞ്ഞു?
പൊടിപോലും കണ്ടില്ല പിന്നെയാ പഹയന്‍റെ
കടവുളേ നീയെന്നെ കയ്യോഴിച്ചു!
കടവും പെരുത്തിട്ടു മാനവും പോയി ഞാന്‍
കടലും കടന്നിങ്ങു കുടിലിലെത്തി.
തീര്‍ന്നതില്ലതുകൊണ്ടുമൊന്നുമെന്‍ കഷ്ടത
വാര്‍ന്നു പോയീടുന്നെന്‍ ചോര നീരും.
കൊടി പിടിച്ചീടുന്നു കുടിലിന്‍റെ മുമ്പിലെന്‍
കടമുള്ള മാനുജ കൂട്ടമൊന്നായ് !
ജീവിതം തേടിയങ്ങക്കരെ പോയ ഞാന്‍
ജീവച്ഛവം പോലെയായി മാറി !
കനിവിന്‍റെ കേദാരമായുള്ളോരീശ്വരാ,
കാതില്ലേ കേള്‍ക്കാന്‍ നിനക്കിതൊന്നും ?

Saturday, October 6, 2012

നരകഭാഷാഭ്രമം


കിളി പോലെയെന്മകനുമിംഗ്ലീഷ് ചിലയ്ക്കണം 
ചെളി കേറിയെന്മനം കലുഷമായി. .
നഗരത്തിലിംഗ്ലിഷ് സ്കൂളൊന്നു കണ്ടെത്തി
മകനെയതില്‍ ചേര്‍ക്കുവാന്‍ കളമൊരുക്കി.

കെട്ടിട ഫണ്ടിനാണെന്നുള്ള പേരിലാ-
യിട്ടു കൊടുക്കേണ്ടി വന്നു പത്ത്.
ഫീസായി പതിനഞ്ചു കൂടാതെ വേറെയും
ഫ്യൂസൂരി വിട്ടെന്നെ കശ്മലന്മാര്‍!

ആംഗലം വശമാക്കും കുഞ്ഞിനെയോര്‍ത്തു ഞാന്‍
തേങ്ങല്‍ അടക്കിയെല്ലാം സഹിച്ചു.
ആദ്യത്തെ നാളിലേ കിട്ടിയെന്‍ പൂമോന്
വാദ്ധ്യാരുടെ വകയായി രണ്ടു കൊട്ട്.
സായിപ്പിന്‍ ഭാഷയില്‍ മൂത്രമൊഴിക്കുവാന്‍
ആയില്ല എന്‍മകന്നന്നു ചൊല്ലാന്‍!

കാറ്റെന്നെഴുതീട്ടു കാറ്റെന്നു വായിക്കാ-
മൂറ്റമായ് മലയാള ഭാഷയെന്നും.
പൂച്ചയെന്നര്‍ത്ഥം ലഭിക്കുവാന്‍ സീയേറ്റി
പുച്ഛമാം ഇംഗ്ലീഷിതാകെ നാറ്റി!
നാശമീയിംഗ്ലീഷ് ഭോഷനാക്കിയെന്നെ
ഭൂഷണമല്ലാ നമുക്കിതൊട്ടും.
വണ്ടിക്കു കൂലിയും, യൂണിഫോം, പുസ്തകം
തെണ്ടി ഞാന്‍ പലവകച്ചിലവിനായി.
കടമേറെ പെരുകീട്ടു രക്ഷയില്ലെന്നായി
കുടിലതും വില്‍ക്കേണ്ട ഗതിയിലായി

നരകഭാഷാ ഭ്രമത്താലെയിന്നു ഞാ-
നരനാഴിയരിശിന്നു തെണ്ടിയായി.   

ബാധയിമ്മാതിരിയേല്‍ക്കും ജനത്തിനെ
നാഥനാം ദൈവം തുണച്ചിടട്ടെ!