Monday, September 30, 2013

തിരുമയിര്‍ പള്ളി

തിരുമയിര്‍ പള്ളിക്കീ മുടിയനാം മുസ്ലിയാര്‍
പിരിവെടുത്തിട്ടെന്തു സംഭവിച്ചു?
ഒരു പാട് വകയിലീ തമ്പുരാനാള്‍ക്കാരെ
പിരികേറ്റി വിട്ടീട്ടു പൈസ മുക്കി.
മയിര്‍നീര് വിറ്റു നടന്നതാം തമ്പ്രാന്‍റെ
ഉയിര്‍ പോയിതയ്യോ ബഹുകഷ്ടമായി!
'തിരുമേനിയാം ശൈഖിവന്‍ അറിയാതെ അല്ലാക്ക്
ഒരു കാര്യവും ചെയ്ക പറ്റുകില്ല’
ഉരിയാടി വിട്ടതാം പേരോടിനും രക്ഷ
തീരെയില്ലാ ലൂസിഫര്‍ തമ്പുരാനേ!
ഒരുനൂറ് കോടിയില്‍പ്പരമായ് സ്വരൂപിച്ച
തിരുകേശ സാമ്രാജ്യം പോയ്‌ മറഞ്ഞോ?
അവസാന വിശ്രമം കൊള്ളേണ്ട ജാറവും
വ്യവസായ സ്വപ്നങ്ങങ്ങളേറെ നെയ്തു!


സരിതാരവം

ബഹുദൂരമതിവേഗം പോകുവാനായ്
ബഹുമുഖ്യനന്നങ്ങിറങ്ങിയപ്പോൾ,
സരിതയാം പേരുള്ള പെണ്ണൊരുത്തി
ചിരിതൂകി നിൽക്കുന്നു കാബിനുള്ളിൽ!
എസ്കോര്‍ട്ടുമായ് വന്ന ജോപ്പനണ്ണന്‍
മാസ്കോട്ടിലേക്കായ് വരുവാൻ പറഞ്ഞു.
മൊഞ്ചുള്ള  പെണ്ണിന്‍റെ വാക്ക്‌ കേട്ട്
സഞ്ചാരമായി തലയ്ക്കകത്ത്.
പരിസരമതെല്ലാം മറന്നുപിന്നെ
സരിതയെ കെട്ടിപ്പിടിച്ചു പോയീ!
സോളാറതെന്തോ ഒരു ഫയലുമുണ്ട്
ആളായി വന്നുള്ള ജോപ്പനൊപ്പം.
പിരിമുറുക്കായുള്ള  നേരമായാൽ
തിരിയുമോ ആര്‍ക്കാനുമെന്തു കുന്തം!
ഭവിഷത്തതോർക്കാതെ ഒപ്പുവച്ചു
ഭവതി തന്‍ പേപ്പറിൽ സവിനയം താൻ.
പലയിടത്തായ് പിന്നെയൊത്തുകൂടി
പല നാൾകൾ വേഗം കടന്നുപോയീ.
മാസങ്ങൾ പലതും അടര്‍ന്ന് വീണു,
വേഷങ്ങൾ പലതും അണിഞ്ഞു പെണ്ണ്.
കണ്ടോന്‍റെ കൂടെയൊക്കെക്കിടന്നു
പണ്ടാരം പള്ളേലുമാക്കിയണ്ണാ!
ആരാന്‍റെ മക്കൾക്ക്‌ ബാപ്പയാകാൻ
വീരാന് യോഗം ലഭിച്ചപോലെ!
ഇരയെപ്പിടിക്കുവാൻ പാർത്തുനിന്ന
ഇരുകാലി പ്രതിപക്ഷം ചാടിവീണു.
മാധ്യമങ്ങൾ കാര്യമേറ്റുപാടി
സാധ്യമാവും വിധം നാറ്റിയെല്ലാം!
നമ്പലം വന്നു ഇനി രക്ഷയില്ല,
കുമ്പസാരിച്ചിട്ടിനി കാര്യമില്ലാ!
എല്ലാം നിഷേധിക്ക തന്നെയാവാം,
കൊല്ലുവാൻ വന്നാലൊരു കയ്യ് നോക്കാം.
വീണുപോകും എന്നുറപ്പ്  വന്നാൽ
ഫണവും പിടിക്കാം മൂർഖന്‍റെ പോലും!
ലക്ഷക്കണക്കിൽ ഇടതർ ഇറങ്ങി
പ്രക്ഷുഭ്ധമാക്കിക്കലക്കിയെല്ലാം.

ലക്ഷണം നോക്കി മരുന്ന് നൽകി,
കക്ഷികളെ വകവരുത്തീടുവാനായ്.
പൊതിയായി ഭക്ഷണം എത്തുമെന്നാൽ
പൊതിയായ് അതു ഡിസ്പോസലാവുകില്ല!
മുട്ട്‌ വന്നാൽ പിന്നെ രക്ഷയില്ലാ
കെട്ട്  കെട്ടിക്കാനത് തന്നെ സൂത്രം!
രണ്ടു നാൾ ആപ്പീസ്സ് പൂട്ടിയിട്ടാൽ
തെണ്ടുമീ കൂട്ടർ അതിൽ ശങ്കയില്ലാ.
രണ്ടു നാൾ അവധിയും കൂട്ട് ചേർന്നാൽ
മണ്ടന്മാർ തെണ്ടും ഡബിളായ് ഉറപ്പ്.
തൊട്ടടുത്തുള്ള നാൾ മുട്ട് ജോറായ്
നെട്ടോട്ടമായീ വയറൊന്നൊഴിക്കാൻ .
ടീപ്പീ വധക്കേസ് കാട്ടിയണ്ണൻ
കോപ്പ്  കൂട്ടി, പറയേണ്ട പിന്നെ!
ജുഡീഷ്യലന്വേഷണമാക്കിടാമേ
വെടിയങ്ങ് കുഞ്ഞൂഞ്ഞ് വിട്ടപാടേ
എന്നാലതാവട്ടെയെന്നു ചൊല്ലീ
അന്നേ ദിനം തന്നെ കെട്ടുകെട്ടി.
പിണറായി കൂട്ടരും നാട്ടിലെത്തി.
മണമേറ്റു നാട്ടിൽ ഇനി നിൽക്കവയ്യേ!

മുടിനീരാട്ടം.

ഞൊടിയിട കൊണ്ടും കോടികള്‍ കൊയ്യാന്‍
മുടിയൊന്നുണ്ടേല്‍ അതു മതിയനിയാ!
താടി വളര്‍ത്തി തലേക്കെട്ടണിയൂ,
മോടിയില്‍ നീളന്‍ ഷര്‍ട്ട്‌ ധരിക്കൂ.
അത്തറിന്‍ ഗന്ധമതില്‍  ചാര്‍ത്തീട്ട്
ചെത്തി നടക്കാന്‍ തൊലിയുണ്ടെങ്കില്‍,
ഓതി മണിച്ചിട്ടൂതി ജപിക്കാന്‍,
വേദജ്ഞാനമൊരല്‍പ്പവുമുണ്ടേല്‍,
മതിവരുവോളം കാശുണ്ടാക്കാന്‍
അതിലും കൂടുതലെന്തിനി വേണം?

കോടി മസാജിദതുണ്ടെന്നാലും
മുടിനാര്‍ മസ്ജിതതൊന്നുണ്ടാകില്‍
മടി നിറയെ കാശുണ്ടാക്കാനും,
കോടികള്‍ കൊണ്ട് മിഥിച്ചീടാനും,
അടിപൊളി കാറില്‍ പാറി നടന്ന്
പിടിയും കുടിയുമതൊപ്പിക്കാനും,
പിടിപാടൊരുപാടുണ്ടാക്കാനും,
വിടുവായ് വിട്ടു പരസ്യം നല്‍കാന്‍
കൊടിയ പിശാചിനെയണിചേര്‍ക്കാനും,
തടിയധ്വാനമശേഷവുമില്ല!

കടവുളയേക്കാള്‍ ഒരുപടി മേലേ-
ക്കിടയുള്ളവനാണെന്ന് ധരിപ്പി-
ച്ചാടിനെ പോലെ തെളിക്കാമെങ്കില്‍,
പിടി കിട്ടാത്തൊരു കാര്യവുമില്ല,
പേടിക്കാനിനി മറ്റൊന്നില്ല,
ഉടയോന്‍ തടയാന്‍ വന്നാല്‍പ്പോലും!
അടിപൊളിയാക്കി നടക്കാനിഷ്ടം
കുടികൊള്ളുന്ന മനസ്സുള്ളോര്‍ക്ക്

ഉടനടി സ്വര്‍ഗ്ഗം വേണമതുണ്ടേല്‍
മടി കൂടാതെ കടന്നുവരാമേ.

തിരുവോണ സങ്കടം

ഓണാശംസകളനവധി കിട്ടി,
പണവും വാരിക്കോരിയെറിഞ്ഞു,
സദ്യയും മദ്യവുമൊക്കെ വിളമ്പി,
വാദ്യം മേളകളൊക്കെ തകർത്തു,

എന്നാലാരും ചോദിച്ചില്ല 
വന്നാലൊരു പിടിയുണ്ണാമെന്ന്.
സംഗതി കേട്ട സുഹൃത്ത്‌ പറഞ്ഞു,
വിങ്ങാതെന്നുടെ പൊന്നനിയാ നീ.

അന്നം കിട്ടീട്ടില്ലെന്നാലും,
എന്നും ദുര്‍വിധിയാണെന്നാലും,
ഒരു പിടിയാരും തന്നില്ലെങ്കില്‍
പരിഭവമൊട്ടും പറയരുതാരും

കാര്യം നേരെ പറഞ്ഞാൽ പോലും 
കേട്ടില്ലെന്നു നടിക്കുന്നവരെ
പാട്ടിനു വിടുവാൻ പറ്റില്ലേട്ടാ,
പുട്ടുമടിച്ചു നടക്കാനിവരെ.

മാവേലീയുടെ വരവും കാത്ത് 
നാവിൽ വെള്ളവുമൂറിക്കൊണ്ട് 
ചാവോളം ഞാൻ നിന്നത് ബാക്കി 
നോവല്ലാതെ ലഭിച്ചില്ലൊന്നും!

പിന്നെയറിഞ്ഞു വന്നവൻ പോയി,
പെരിയവരെല്ലാം കീശയിലാക്കി!
പാവപ്പെട്ട ജനത്തെക്കാണാൻ
മാവേലിക്കും പറ്റില്ലേട്ടാ! 

ഉള്ളവരെല്ലാം പള്ളയിലാക്കുക, 
തള്ളിപ്പറയുക ഇല്ലാത്തവരെ,
കള്ളി വെളിച്ചത്തായാൽ പിന്നെയു- 
മുള്ളിലൊതുക്കണമെന്നോ വാദം?


ചോയിമഠപ്പുരാണം

ചോയിമഠത്തിന്നിരുകരെയായി
ചേലില്ലാത്തവരതുമുണ്ടനിയാ!
വെള്ളിവെളിച്ചം കാണാനിഷ്ടം
ഉള്ളിലശേഷമതില്ലാത്തതിനാല്‍,
കൂത്താട്ടത്തിന് ബഹുസുഖമല്ലോ
കൂരിരുള്‍ മൂടികഴിഞ്ഞാല്‍പ്പിന്നെ.
ശ്വാനന്മാരെപ്പോലെ വഴിയില്‍
ആനന്ദത്തിലൊഴിക്കുന്നവരും,
ഉണ്ടേ ഒന്ന് കഴിഞ്ഞാല്‍പ്പിന്നെ
രണ്ടാം നമ്പറടിക്കുന്നവരും.
സ്വാര്‍ത്ഥതയേറും കൂട്ടരെയിവരെ
മര്‍ത്യന്മാരില്‍ പെടുത്തിക്കൂടാ
ഇമ്മാതിരി ഒരു പിടിയുള്ളതിനാല്‍
നമ്മള്‍ മുഴുവന്‍ നാറ്റമതേല്‍പ്പൂ.
നമ്മുടെ നാട്ടിന്‍ ശാപമിതല്ലോ
അമ്മേ പറയാന്‍ പോലും വയ്യേ!
അനവധിയാളുകള്‍ നമ്മളിലുണ്ടേ
മനുജരില്‍ സേവനമര്‍പ്പിക്കുന്നോര്‍.
പേരുകള്‍ ചൊല്ലുക സാഹസമാവും
വേരുകളെണ്ണിപ്പറയുകയെന്നാല്‍ .
ആയതിനാലൊരു  വാക്കിലതുക്കാം.
ആയിരമായിരം നന്ദീയെന്ന്.
ഈഗോയെല്ലാം ദൂരെയെറിഞ്ഞ്‌
പോകാം നല്ല വെളിച്ചം കണ്ട്  
ഭിന്നിപ്പെല്ലാം ദൂരെയെറിഞ്ഞാല്‍
മിന്നും നേട്ടമതുണ്ടാക്കീടും.
ഐക്യത്തോടെ നടന്നാലതുവഴി
സൌഖ്യം നേടാമെല്ലാവര്‍ക്കും.


ചക്രായുധം

പത്താം ക്ലാസ്സ് കടക്കുന്നേരം
പള്ളയും വീര്‍ത്ത് നടക്കാനായാല്‍,
പെറ്റ് കിടക്കാനായാലതു വഴി
പെണ്ണിന്‍ ദുരിതമതെല്ലാം തീരും!

ചിന്തയിലന്തിലന്തി പടര്‍ന്നതു കൊണ്ടോ?
ചന്തിയില്‍ ചിന്ത പതിഞ്ഞത് കൊണ്ടോ?
മുന്തിയൊരായുധമുള്ളത് കൊണ്ടോ? 
എന്തുമതാവം എന്നത് കൊണ്ടോ?

ചക്രായുധമുണ്ടെന്ന വിചാരം
വക്ര മനസ്സിന്‍ ദുര്‍വ്യവഹാരം.
പോക്രിത്തരമിത് വേവില്ലളിയാ
മാക്രികളൊന്നായ് വന്നാല്‍ പോലും!

കോപ്രായങ്ങള്‍ കാണിക്കാനായ്,
അപ്രിയ കാര്യങ്ങള്‍ക്കൊരു തണലായ്,
സുപ്രീം കോര്‍ട്ടുണ്ടെന്ന വിചാരം
ലപ്രസി വന്ന മനസ്സിന്‍ താളം.

ദുനിയാ പൂജകര്‍


ഭൂമിയില്‍ സ്വര്‍ഗ്ഗമുണ്ടാക്കുന്ന കൂട്ടര്‍ തന്‍
ഭാവിയെന്താകുമെന്നോര്‍ത്തു നോക്കൂ.
പള്ളികള്‍ മുടിപേരില്‍ നിര്‍മ്മിച്ചിടുന്നത്
പള്ള നിറയ്ക്കുവാനെന്ന കാര്യം
കള്ളന്‍റെ രീതികള്‍ കാണുന്നന്നവര്‍ക്കൊക്കെ
വെള്ളം പോല്‍ അറിയുന്ന കാര്യമല്ലേ?
ഡെന്‍റലാസ്പത്രിക്ക് ലക്ഷങ്ങള്‍ നല്‍കിയോര്‍
മെന്‍റലായ് തീര്‍ന്നതും ഓര്‍മ്മയില്ലേ?
ഉണ്ടോ ‘കമാലിയ’ക്കായീ സ്വരൂപിച്ച
ഫണ്ടിന്‍റെ വിനിയോഗമായ കോലം?
എണ്ണിപ്പറയുകില്‍ ശൈഖിന്‍റെ ചെയ്തികള്‍
വിണ്ണോളം വരുമെന്ന സത്യമോര്‍ക്കൂ.
കള്ളന്‍റെ പിന്നാലെയണിചേര്‍ന്നു നില്‍പ്പതും
അള്ളാഹു കാണുമെന്നോര്‍മ്മ വേണം.  
സ്വര്‍ഗ്ഗക്കവാടത്തില്‍ പാസ്സ് നല്‍കാന്‍പോന്ന
വര്‍ഗ്ഗത്തിലോയിവന്‍ എന്‍റെ റബ്ബേ!
സൂറത്തുല്‍ ഖമറിലെ നാല്‍‍പ്പത്തിനാലഞ്ച്
സൂക്ഷിച്ചു നോക്കെടോ പൊന്നു മോനേ!
സജദയില്‍ ഇരുപത്തിയൊന്നാമതായത്തും
സവിനയം ഞാനൊന്നുണര്‍ത്തിടട്ടെ.
നരമൂത്തു നില്‍ക്കുന്ന താടിയും വെച്ചിവന്‍
സ്ഥിരമായിഹ പാര്‍ക്കും ധരിച്ചുവച്ചോ?

മര്‍ത്ത്യന്‍റെ വേഷത്തില്‍ വാഴും പിശാചിനെ
കര്‍ത്താവേ തൊലിയുരിച്ചൊന്ന് കാട്ടൂ.