Wednesday, October 8, 2014


വാക്കും നാക്കും.



നാക്ക് പൊന്നാകട്ടെയെന്നൊരു വാക്കിനാലെ പൊക്കിയെന്‍
വാക്ക് കേട്ട് സുഹൃത്തിതെന്തോ നാക്കൊതുങ്ങാ വാക്കിനാല്‍.
വാക്ക് കേട്ട് പറഞ്ഞു ഞാനീയൂക്കു പോയൊരു നാക്കിനാല്‍
പൊക്കിടല്ലെടോ പോക്കിമോനെ, ചാക്കിലാക്ക്ണ വാക്കിനാല്‍.
നാക്ക് പൊന്നായ് തീരുവാനായാശ വയ്ക്കാന്‍ പറ്റുമോ?
വാക്ക് മൊഴിയാന്‍ പൊന്നുനാക്കിന് ആക്കമില്ലെന്നോര്‍ക്കുമോ?
തൂക്കി വേണം വാക്ക് വായില്‍ നിന്ന് വിടുക സഹോദരാ,
നാക്കിനല്‍പം പിഴവു വന്നാല്‍ വീക്ക് കിട്ടും നിശ്ചയം.
ചാക്കിലാക്കാന്‍ പറ്റുമാള്‍കളെ വാക്കിനാല്‍ നിസ്സംശയം
വാക്ക് ചാക്കിലൊതുങ്ങുകില്ലെന്നാര്‍ക്കുമില്ലൊരു സംശയം
തോക്കിനേക്കാള്‍ ഊക്ക് വാക്കിനു തന്നെയാണെന്നോര്‍ക്കണം
വാക്കു കൊണ്ടേല്‍‍ക്കുന്ന വ്രണമത് മാറുകില്ലത് സത്തിയം.
വാക്ക് പോക്കാവാതെ നോക്കത് നാറ്റമെന്നത് ബോധ്യമാം
പൊക്കു വാക്കില്‍ വീണു പോയാല്‍ പോക്ക് താന്‍ നിന്‍ കാരിയം.


Sunday, October 5, 2014

പുതിയ പഴങ്കുട


അല്‍പ്പാക്ക് കുടയെന്ന് പേരുള്ളയീ മഹാ-
നനല്‍പമായ് സേവനം ചെയ്തുതന്നു.
ഏഴെട്ടു വത്സരം സേവനം ചെയ്തിവന്‍
ഏഴയായ് മാറിക്കഴിഞ്ഞുവിന്ന്.
ഇല്ലിക്ക് താങ്ങായി നില്‍ക്കുന്ന രണ്ടുപേര്‍
വല്ലാതെ ക്ഷീണിച്ചടര്‍ന്നു തൂങ്ങി
കുടവൈദ്യനണ്ണാച്ചി കൈവിട്ട കേസ്സിവന്‍
പിടിയുള്ള വടി മാത്രമായി മാറി.
‘പുതുപുത്തന്‍ കുടയാക്കി മാറ്റി ഞാന്‍ തന്നിടാം
പാതി സ്വത്തിങ്ങോട്ടു തീറു നല്‍കീല്‍,
ശീലയും ഇല്ലിയും ലൊട്ടും ലൊടുക്കുകള്‍
കോലത്തില്‍ റീപ്ലേസ് ചെ’യ്തുനല്‍കാം.’
പാതവക്കത്തിരിക്കുമായണ്ണാച്ചി-
യോതിയപ്പോലെ കരാറുമാക്കി.
കുടയിന്നു കുട്ടപ്പനാക്കിത്തരാന്‍ നേരം
വടിയുടെ വൈരൂപ്യം പ്രകടമായി.
അണ്ണാച്ചി ചൊന്നിന്നു, ‘പൊണ്ണാ നീയെന്തിനീ
പൊണ്ണന്‍ മരക്കാല്‍ അവശേഷമാക്കി?
അമ്പതും കൂടി അഡീഷണല്‍ നല്‍കിയാ-
ലിമ്പമാക്കിത്തരാം ശങ്ക വേണ്ട.’
പഴയയെന്‍ കുട തന്‍റെ അവശേഷമില്ലാതെ
മുഴുവനാ പേരിലോന്‍ വിലസിടുന്നു.
ധരണിയിലെ പ്രസ്ഥാനമഖിലമെന്‍ കുടപോലെ
പരിണാമമേറ്റതുമൊരു സത്യമല്ലോ!