Friday, September 30, 2016

വല്ലഭന്‍റെ മോഹവും വല്ലിയുടെ ദാഹവും

വല്ലഭന്‍ ചൊന്നിന്നു വല്ലാത്ത മോഹമായ്
തെല്ലൊന്ന് വാനില്‍ പറക്കുവാനായ്!
ഫെയ്സ്ബുക്കിലിട്ടയീ പോസ്റ്റ്‌ കണ്ടിട്ടവള്‍
ലൈക്കിട്ടു ചൊന്നതാണീ കമന്‍റ്:
'മോഹങ്ങളോക്കെയും താഴെ വച്ചേക്കണം
ദാഹം എനിക്കുമുണ്ടേറെ കാന്താ.
ഏറെ നീ താഴത്തിറങ്ങുവാന്‍ വൈകിയാല്‍
വേറെയാള്‍ക്കാരുണ്ടെനിക്ക് പോകാന്‍.
മേത്തരം സാരികള്‍ മാനത്തു കിട്ടുമോ?
കാത്തിരിക്കുന്നു ഞാനേറെയായി.
കാതിലെ കമ്മലും ഫാഷനില്ലാതെയായ്
ഓതുമോ സ്റ്റൈലുള്ളതവിടെയുണ്ടോ?
ഉണ്ടെങ്കില്‍ രണ്ടെണ്ണം വാങ്ങണം മക്കള്‍ക്കും
തെണ്ടുവാനാവില്ലിനി വായ്പ വാങ്ങാന്‍.
കോയാന്‍റെ വീട്ടിലെ ടീവി കണ്ടീടണം,
കോതന്‍റെയവിടത്തെ വാഷ് മെഷീനും!
നമ്മുടെ ഫ്രിഡ്ജിന്‍റെ കോലമത് കാണുകില്‍
അമ്മൂമ്മ പോലും നാണിച്ചു പോകും!
കാറിന്‍റെ കോലമോ കാണുവാന്‍ വയ്യല്ലോ!
വേറെയൊരെണ്ണമിനി മാറ്റി വാങ്ങാം.
മഹിളാസമാജത്തിനു കാറിതില്‍ പോകവേ
മഹിളകള്‍ കളിയാക്കി നാണമാക്കി.
പഴയതാം വാഷിംഗ് മെഷീനൊന്ന് മാറ്റണം
പുതുപുത്തന്‍ വാങ്ങല്‍ അനിവാര്യമാണ്.
തനിയേയുണക്കുവാനിതിലില്ലയേര്‍പ്പാട്,
മിനിയാന്ന് കണ്ടു ഞാന്‍ ഷോപ്പിലൊന്ന്.
തോരാത്ത മഴയായിരിക്കുന്ന നേരത്ത്
ആരാണിതൊക്കെയുണക്കി നല്‍കാന്‍?
കട്ടിലും മേശയും കുട്ടികള്‍ക്കായിട്ടു
പെട്ടെന്ന് വാങ്ങണം ലോണ് കിട്ടും.
പാത്രം കഴുകുന്ന യന്ത്രമൊന്നില്ലാതെ
ഗാത്രം തകര്‍ന്നു ഞാന്‍ നാശമായി!
മുറ്റമടിക്കുവാന്‍ ആളൊന്നുമില്ലാതെ
പറ്റില്ലയെന്നോടിനി തീരെ വയ്യേ!
പരിഭവം കേട്ടിട്ട് വല്ലഭന്‍ ചൊല്ലിയേ,
'പിരിയാം നമുക്കിന്നു തന്നെ പുല്ലേ!'

Wednesday, September 28, 2016

കള്ളത്തരത്തിനു കൊള്ളാത്ത കള്ളന്‍

കള്ളത്തരത്തിനും കൊള്ളുകില്ല
വെള്ളത്തിലായല്ലോ കാര്യമെല്ലാം!
വെള്ളത്തില്‍ തുള്ളിയ തള്ളയൊന്ന്
പൊള്ളനാം മരുമോന് കാറ് നല്‍കി!
തള്ളയെ തള്ളീട്ടു പോയ മോനും
കൊള്ളുന്ന കാറൊന്ന് തന്ത നല്‍കി.
തള്ളുവാനമ്മായിയമ്മയില്ലാ,
പള്ള നിറയ്ക്കാന്‍ വഴിയൊന്നുമില്ല.
പിള്ളേ, നീ ചൊല്ലണം മാര്‍ഗ്ഗമൊന്ന്
സൊള്ളിന്ന് കാറൊന്ന് കയ്യിലാക്കാന്‍.
പള്ളിയില്‍ പോകാന്‍ കാല്‍മുട്ട് വയ്യ,
കള്ളത്തരങ്ങള്‍ അറിയുന്നുമില്ലാ.
ഉള്ളാലെ നീയൊന്നു ചൊല്ല് പിള്ളേ,
കള്ളവും ചതിയുമില്ലാത്ത മാര്‍ഗ്ഗം.
വെള്ളിരോമങ്ങളായ് തല നിറച്ചും,
ഉള്ളിലും പൊള്ളയാം ഖല്‍ബകത്തും.
തള്ളി നീക്കാനെന്ത് ചെയ്യുമേ ഞാ-
നുള്ള കാലത്തോളം ഭൂമുഖത്ത്?
വെള്ളാട്ടിയോടൊട്ടുമാവതില്ല
തള്ളി നീക്കാനെന്നെയീവിധത്തില്‍.
തള്ളയുമില്ല, പിള്ളേരുമില്ലാ,
ഉള്ളില്‍ വെളിച്ചമൊട്ടില്ല താനും.
പള്ളിപ്പറമ്പിന്‍റെയുള്ളിലേക്കും
തള്ളുവാന്‍ പറ്റില്ല ജീവനോടെ.
കള്ളും കുടിച്ചിട്ട് തുള്ളുവാനും
ഉള്ള കാലത്തോളം കൊള്ളുകില്ല.
കള്ളനാം തങ്ങളായ്‌ വാഴുവാനും
ഉള്ളെന്നെ സമ്മതിക്കില്ല പിള്ളേ!

Monday, September 26, 2016


ജിന്നുസേവ

രചനാ പശ്ചാത്തലം: മുസ്ലിംകളിലെ മുജാഹിദ് വിഭാഗത്തിലെ ഒരു പ്രശസ്ത പണ്ഡിതനും വാഗ്മിയുമായ അതേ പേരില്‍ തന്നെയുള്ള മഹാന്‍റെ പ്രഭാഷണത്തിന്‍റെ ചുരുക്കം ഇപ്രകാരം ആയിരുന്നു: ജിന്ന് ചികിത്സ നമ്മളും നടത്തണം എന്നാണു എന്‍റെ അഭിപ്രായം. എന്തെന്ന് വച്ചാല്‍, എല്ലാവരും ചികിത്സയ്ക്കായി യാഥാസ്ഥിക വിഭാഗത്തിന്‍റെ അടുത്തു തന്നെ പോകുന്നത് തടയിടണം എന്നുള്ളത് തന്നെ. അപ്പോള്‍ ഉള്ള കാര്യം നേരെ ചൊവ്വേ ഇങ്ങനെയങ്ങ് പറയാമെന്നു എനിക്ക് തോന്നി. അതാണിത്.


ജിന്നിനെയിറക്കുന്ന ഏലസ്സെഴുതുവാൻ
പൊന്നിൻറെ തകിട് കൊണ്ടുവരാൻ പറയണം
ദീനിൻറെ സേവക്ക് കാശും ലഭിച്ചിടും

വാനിൽ പറക്കയും ചെയ്തിടാം ജിന്നു പോൽ.
എല്ലാ ബിസിനസ്സും വെട്ടിപ്പിടിക്കണം
കുല്ലും മുസല്ല്യാർക്ക് വിട്ടു കൊടുക്കയോ?
അല്ലാതിരുന്നാലീ ശ്മശ്രുക്കൾക്കപ്പുറം
വല്ലാതെ പോകില്ല ദീനിൻറെയേർപ്പാട്.
കാലത്തെ നോക്കീട്ട് വിത്തിറക്കീടണം
ചേലൊത്ത രീതിയിൽ വിളവുകൾ കിട്ടുവാൻ.
ജിന്നില്ല ശൈശത്താനുമില്ലെന്ന് ചൊല്ലിയാൽ
വല്ലാതെ കഷ്ടത്തിലായിടും നമ്മളും!
പൊല്ലാപ്പതില്ലാതെ കാര്യങ്ങൾ നീക്കുവാൻ
ചൊല്ലണം ജിന്നുണ്ട് ശൈത്താനുമൊക്കെയും.
ജിന്നിൻറെ പൂജയ്ക്കെസ്സൻഷ്യലാം ചൊല്ലിടാം
പൊന്നിൻറെ ഏലസ്സ് തന്നെയുണ്ടാക്കണം.


***************************************************



ജിന്നിന്‍റെ സേവയാല്‍ മൊല്ലാക്ക പണ്ടൊരു
പൊന്നിന്‍റെ കൊട്ടാരം പണിതു തീര്‍ത്തു.
വാര്‍ത്തയിത് കേള്‍ക്കവേ മൌലവിക്കൊരു നാളില്‍
ആര്‍ത്തി മൂത്തു ലഹരി കേറിയേറെ.
'ജിന്നില്ല, ശൈത്താനുമില്ലെന്നു ചൊല്ലി ഞാന്‍
അന്നം മുടക്കിയൊട്ടേറെ പേര്‍ക്ക്!
ഇല്ലയൊന്നും ബാക്കി താടിയല്ലാതിനി
വല്ലാതെയാള്‍ക്കാര് കൂടെയില്ലാ!
മെല്ലെ കളമൊന്നു മാറിച്ചവിട്ടിയാല്‍
മൊല്ലാക്ക പോലെ നമുക്കുമാകാം.'
'ചൊല്ലുണ്ട് വല്ലഭന് പുുല്ലുമാമായുധം,
പുല്ലു പോല്‍ നീണ്ടയീ താടികൊണ്ടും
ഇല്ലേ കളിക്കുവാന്‍ തെല്ലൊക്കെയിതിനാലും?'
വല്ലാതെ ചിന്തിക്ക വേണ്ടിയില്ലാ.
കൊട്ടന്തലയ്ക്കു മേല്‍ കെട്ടൊന്നു കെട്ടീട്ട്
മട്ടത്തില്‍ ജപമാലയൊന്നു വാങ്ങി
പള്ളിക്കകത്താക്കാം വാസമതു തന്നെയും
പുള്ളിയും കാര്യമത് നിശ്ചയിച്ചു.
മന്ത്രം, ഉറുക്കുകള്‍, മന്ത്രിച്ച നൂലുകള്‍
തന്ത്രങ്ങളൊന്നുമേ പാളിയില്ലാ.
തുട്ടുകള്‍ കൊണ്ടു തുടങ്ങിയ ബിസിനസ്സ്
പെട്ടെന്ന് പുഷ്ക്കലമായി മാറി.
പൊന്നോല വേണമീ ജിന്നിനെയറക്കുവാ-
നെന്നായി കാരിയം മാറി പിന്നെ.
പൊന്നിന്‍റെ കൊട്ടാരം സ്വന്തമാക്കീടുവാന്‍
പിന്നെയോ താമസം വന്നതില്ലാ.

Wednesday, September 21, 2016

ഹിജ്റ 1437 ബലി പെരുന്നാള്‍

മാസം കണക്കാക്കുന്ന വിഷയച്ചര്‍ച്ചയില്‍
മോശം വെളിച്ചത്തായി മൌലവിമാരുടെ!
അല്ലാഹു തന്നെ പറഞ്ഞതാം ഫുര്‍ഖാനില്‍
ഇല്ലാത്ത കുലുമാലൊക്കെയിവരൊപ്പിക്കും.
വല്ലാതെ പള്ളയിലാക്കിടും മുതലൊക്കെയും
ഹില്ലോ ഹറാമോ ഒന്നുമേ നോക്കാതെ!
കണ്ണോണ്ടമാവാസീ ദിനം സന്ധ്യയ്ക്ക്
പൊണ്ണപ്പരിഷകള്‍ പറയും നോക്കണം
വിണ്ണില്‍ ഉദിച്ചീടാത്ത ചന്ദ്രനെ തന്നെ
അണ്ണാക്കൊതുങ്ങാതെ വിഴുങ്ങുക പൊന്നേ!
കണ്ടില്ലയോ ഹജ്ജിന്‍ പെരുന്നാളിക്കുറി
മണ്ടശ്ശിരോമണികള്‍ അതാക്കി നാലു നാള്‍!
അല്ലാന്‍റെ ആയത്തതൊന്നുമേ ഗൌനിക്കാ
വല്ലാത്ത കോലമതാക്കി വിട്ടത് കണ്ടുവോ?
*പതിനൊന്നിനും പന്ത്രണ്ടിനും പതിമൂന്നിനും
പതിനാലിനും പെരുന്നാള് തന്നേയിന്ത്യയില്‍!
ദുല്‍ഹിജ്ജ പത്തിന് നാല് നാളോ കൂട്ടരേ?
**ദുല്‍ഫിക്ക്റതായവരൊക്കെയും ഇത് കേള്‍ക്കണേ! 
_________________________________________________________________________
*2016 സെപ്തംബര്‍ മാസം 11 മുതല്‍ 14 വരെയുള്ള 4 ദിവസങ്ങളില്‍
** ചിന്തയുള്ളവര്‍

Monday, September 19, 2016

ഉള്ളിപ്പുരാണം

കഴിഞ്ഞ വര്‍ഷം ഇതേ തിയ്യതിയില്‍ ഉള്ളിക്ക് നാട്ടില്‍ ക്രമാതീതമായി വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ തമാശയായി ഉള്ളി അബൂദാബിയില്‍ നിന്ന് കട്ടു കടത്തിയാലോ എന്ന് ആലോചിക്കുന്നതായി ഒരു  പോസ്റ്റ്‌  അബൂദാബിയില്‍  ജോലിചെയ്യുന്ന ഒരു സഹൃത്ത് ഇട്ട പോസ്റ്റിനു ഒരു കമന്‍റ് ഇങ്ങനെ ഇട്ടിരുന്നു. അത് ഇപ്പോള്‍ വീണ്ടും കണ്ടപ്പോള്‍ എനിക്ക് തന്നെ രസമായി തോന്നി. അതിവിടെ പുനരവതരിപ്പിക്കട്ടെ: സ്ഥിരമായി ഇവിടെ സൂക്ഷിക്കയും ചെയ്യാമല്ലോ

ഉള്ളിയെന്നുള്ള സാധനം
കള്ളത്തരത്തില്‍ ഇറക്കിയാല്‍
ഉള്ളിലാവും സുനിശ്ചിതം
പൊള്ളല്ല കാരിയം ചൊല്ലിടാം.
വെള്ളം കുടിക്കുന്നതെന്തിന്
ഉള്ളിക്ക് വേണ്ടിയിത്രയും?
കള്ളത്തരങ്ങള്‍ വേണ്ട സാര്‍
കൊള്ളില്ല നമ്മള്‍ക്കിപ്പണി.

Wednesday, September 14, 2016

ഓണച്ചതി (മാപ്പിളപ്പാട്ട്)

മാവേലി മന്നന്‍റെ വരവും കാത്തു
മാലോകരെല്ലാം കുഴഞ്ഞു വീണു.
പിന്നെയറിഞ്ഞങ്ങേര്‍ വന്നു പോയി!
ഉന്നതന്മാരെല്ലാം കൈക്കലാക്കി,
മിന്നി മറിഞ്ഞവര്‍ ചാക്കുമായി!
ഒന്നായടന്തുവാന്‍ കൊണ്ടുപോയീ!

അമ്പിളിക്കീറ് കിണറ്റില്‍ കണ്ടു
വമ്പന്‍ തേങ്ങാപ്പൂളാണെന്നു തോന്നി 
കുമ്പ നിറച്ചുള്ള പൂച്ചയെപ്പോല്‍
അമ്പേ വിഷണ്ണനായ് നിന്നുപോയീ
തുമ്പില്ലാതായല്ലോ കാര്യമെല്ലാം!
വമ്പനാം മാവേലീം പറ്റിച്ചല്ലോ!

കൊല്ലാതെ കൊല്ലുന്ന ആളു തന്നെ
വല്ലാത്തീ മാവേലിയെന്‍റെ പൊന്നേ!
എല്ലു മുറിയെ ഞാന്‍ പണി ചെയ്തിട്ടു
എല്ലാമൊരുക്കി വിളമ്പി വെച്ചു
പുല്ലും വില പോലും കല്‍പ്പിക്കാതെ
വല്ലാത്ത പഹയന്‍ നടന്നു നീങ്ങി!

Saturday, September 3, 2016

അയിലപ്പൂതി

അയല വറുക്കും മണമേറ്റ പാടേ
അയമൂന്‍റെ മോനായ ഹൈദറൂന്
വായില്‍ തുടങ്ങിയൊരു കപ്പലോട്ടം
അയില തിന്നാനാര്‍ത്തിയേറെ മൂത്തു,
അയലത്തെ കിച്ചണില്‍ എത്തിനോക്കി,
അയിലയോടിഷ്ടമാണെന്നു ചൊല്ലി.
'പുല്ലേ നിനക്കെന്നെയിഷ്ടമെന്നോ!'
വല്ലാതെ കലി മൂത്തു പെണ്ണു ചൊല്ലി
'കൊല്ലും ഞാന്‍ നിന്നെ', ഉറഞ്ഞു തുളളി.

പയ്യനോ വിറ കൊണ്ടു നിന്നു തൂറി,
അയ്യേ അവനൊട്ടാകെ നിന്നു നാറി,
പയ്യന്‍റെ മീന്‍ പൂതിയൊക്കെ മാറി.
__________________________________________

This small poem was originally scripted in September 2015 in Facebook. Today, while going through the past pages 0f Face Book, I traced it back and by adding 3 more lines I modified it. I am presenting it again to my well wishers with the belief that it may be a time pass to drive away prickly worries. M Abdul Rahman from Minnesota

Friday, September 2, 2016

ഹോട്ട് ഡോഗ് ബണ്‍ (ഹാസ്യകവിത)

HOT DOG BUN

ചായയില്‍ കടിയ്ക്കുവാന്‍ കൊണ്ടുവന്നതാം ബണ്ണ്‍
വായിലിട്ടുതിര്‍ക്കെയെന്‍ കളത്രം വിറച്ചുപോയ്!
‘മായയോ കാണുന്നു ഞാന്‍ കവറില്‍ കുറിച്ചിത്
പ്രിയനേ, പറയണം ഹോട്ട് ഡോഗെന്നല്ലെയോ?’
ഞെട്ടലോടിരിക്കുമെന്‍ മണ്ടിയാം പെണ്ണോടു ഞാന്‍
പെട്ടെന്ന് പറഞ്ഞുപോയ്, മിഥ്യയല്ലയെന്‍ പ്രിയേ,
"ഒട്ടുമേ ശങ്കിക്കേണ്ട ഹോട്ട് ഡോഗാണെന്നതില്‍
കട്ടനില്‍ കടിയ്ക്കുവാന്‍ മേത്തരം കൂട്ടാണെടീ!"
പട്ടിയെന്നല്ലേ സഖേ, ഡോഗെന്നു പറയുകില്‍
കിട്ടിയാലെന്തും തട്ടാമെന്നതോ നിങ്ങള്‍ക്കിപ്പോള്‍?!
പട്ടിയെ തിന്നുന്നതാം കൂട്ടരുണ്ടെന്നുള്ളതും
നാട്ടില്‍ ഞാനിരിക്കവേ കേട്ടതാം പലപ്പൊഴും.
ഒട്ടുമേ വെള്ളിക്കോലില്‍ വെള്ളിയില്ലെന്നാംവണ്ണം
ഹോട്ട് ഡോഗെന്നുള്ളതില്‍ പട്ടിയില്ലെന്നോര്‍ക്കണേ!
മാട്ടിന്‍ പാല്‍ നെയ്യും മറ്റു കൂട്ടുകള്‍ ചേര്‍ത്തിട്ടിതു
ചുട്ടതാം ഹവായിയില്‍ പൊട്ടിയാം പെണ്ണേ കേട്ടോ!
നായ്ക്കളെക്കുറിച്ചുള്ള  കാര്യമോര്‍ത്തിരിക്കവേ
വായത്തലയ്ക്കിറങ്ങിയ വരിയും  കുറിച്ചിടാം.
നായകള്‍ പെരുത്തിട്ട് പേ പിടിച്ചോടീടുമ്പോള്‍
കായി നാലുണ്ടാക്കുവാന്‍ മാര്‍ഗ്ഗമായതു വഴി
പേയിളക്കത്തിന്‍ വാക്സിന്‍ വിറ്റഴിച്ചിടുന്നേരം
നായകന്മാര്‍ക്കെല്ലാര്‍ക്കും കോടികള്‍ ലഭിക്കയായ്!
രാവിലെ മിനസോട്ടയില്‍ മകന്‍റെ വീട്ടില്‍ വച്ചു ബെഡ് കാപ്പി കഴിക്കുമ്പോള്‍ ബണ്‍ കവറിന്മേല്‍ Hot dog എഴുതിയത്  കണ്ടപ്പോള്‍ പണ്ടൊരു മലയാള ദിനപത്രം പട്ടിയിറച്ചി എന്ന് മൊഴിമാറ്റം നടത്തിയ സംഭവം ഓര്‍മ്മ വന്നു. അപ്പോഴുണ്ടായ വെറുമൊരു ഭാവനാസൃഷ്ടി മാത്രമാണ്. നാട്ടിലെ പട്ടി ശല്യം യാദാര്‍ത്ഥ്യവും..