Tuesday, November 29, 2016

നാമലോപവിന


ഷേക്സ്പീയറെന്ന മഹാന്‍റെ പേരോ
ശേഷപ്പ അയ്യരാം ചൊല്ലിയാരോ
ഭോഷനാമൊരുവന്‍ അതേറ്റു പാടി 
ശേഷിച്ച മുസല്‍മാന്‍ വിരണ്ടുമോടി
മാഷേ അത് ശരിയല്ലവന്‍റെ നാമം 
ഷെയ്ഖ്‌ പീറെന്നായിരുന്നു നൂനം.
കേട്ടുനിന്നോര്‍ പലരുമേറ്റു പാടി
നാട്ടുകാര്‍ പക്ഷം പിടിച്ചു ചാടി.
വാക്കേറ്റമായി കലികാലമായി

ഷോക്കേറ്റ പോലെ തളര്‍ന്നുപോയി!
വെട്ടായി കുത്തായി നാശമായി
വട്ടായി നാട്ടുകാരോട്ടമായി.

സ്വര്‍ഗ്ഗമാമെന്‍ ഭൂമിയാകെ മാറി
വര്‍ഗ്ഗീയ ലഹളയാലാകെ നാറി

മര്‍ത്യരേ നിങ്ങള്‍ക്കിതെന്തു പറ്റി?
വ്യര്‍ഥമാം വേലകള്‍ ചെയ്തുകൂട്ടി?
നാമലോപം ചെയ്ത ഹാനി കൊണ്ടു
നാനാ മതസ്ഥര്‍ തലയറ്റുരുണ്ടു.
ശേഷപ്പയായാലതിലെന്തു ലാഭം?
ഷെയ്ഖ് പീറായാലതിലെന്തു ചേതം?

Wednesday, November 2, 2016

മുഹമ്മദന്‍ ലോ


നമ്മുടെ തലാഖതിന്‍റെ കാര്യമെല്ലാം പോക്ക് !
തുമ്മിയാല്‍ തെറിച്ചു പോകും പോലെയുള്ള മൂക്ക്!
നിന്‍റെ മൊഴി ഞാന്‍ ചൊല്ലിയെന്നങ്ങുള്ളതായ വാക്ക്
എന്‍റെ റബ്ബേ, വീഴുകില്‍ ഇഫക്റ്റിലായ് തലാക്ക്!
വ്യക്തിനിയമമെന്ന പേരിലുണ്ട് പലവക ബാക്കി,
യുക്തിയില്ലാ പെണ്ണിനെയൊരു മൂലയിലുമാക്കി.
എന്തിനീ മുഹമ്മദന്‍ ലോ ആകെ ഗുലുമാലാക്കി
ചിന്തയില്ല പുരോഹിതന്മാരൊക്കെ നാശമതാക്കി.
എഴുതി വെച്ചതൊക്കെ മുസ്ഹഫിലുള്ളതല്ലെന്നോര്‍ക്ക്
കഴുതകള്‍ക്കത് തിരിയുകില്ലയെന്നതവരുടെയൂക്ക്.
ഇത്തരം നിയമങ്ങളൊക്കെ തള്ളണം നീയോര്‍ക്ക്
മേത്തരം കിതാബിലുള്ളത് തന്നെ പകരം ചേര്‍ക്ക്.
കാലമേറെയായി നമ്മള്‍ മൂടു താങ്ങി കൊടുത്തു
കോലമെല്ലാം കെട്ടുപോയി കേട്ടു കേട്ട് മടുത്തു
നാണമില്ല പുരോഹിതന്മാര്‍ കാര്യമേറ്റെടുത്തു.
കോണകത്തിലാക്കിയിട്ട് കെട്ടിയും കൊടുത്തു.
തുല്യ നീതിയെന്നരുളി പെണ്ണിനെ പറ്റിച്ചു
വല്യ തട്ടിപ്പും നടത്തി സകലരേം വഞ്ചിച്ചു
ഒട്ടുവളരെ കാര്യമെല്ലാ മര്‍ത്യരും ചിന്തിച്ചു
പൊട്ട നിയമമൊക്കെയും നാം മാറ്റുവാനുറച്ചു.

Tuesday, November 1, 2016

ഉടലും തലയുംവേണ്ടാത്ത ചിന്തകള്‍ തലയിലുദിക്കയാല്‍
വേണ്ടായിനിയിത്തലയെന്നു തോന്നി.

തലയൊന്നു മാറ്റുവാന്‍ കാശിനായിട്ടു ഞാന്‍
വില കെട്ട പണിയേറെ ചെയ്തു കൂട്ടി.
 

തലയിന്നു മാറ്റുവാന്‍ കാത്തിട്ടിരിക്കവേ
ഉടലിന്നു ചൊന്നു തല വേറെ വേണ്ടാ.

ഉടലിനെ മാറ്റുവാന്‍  ചിന്ത വന്നപ്പോഴേ
പിടലിക്ക് പെട്ടെന്നൊരു വീക്ക് കിട്ടി.

പിരിയാതെയിത്ര നാള്‍ പങ്കിട്ട ജീവിതം
പിരിയുവാന്‍ പറ്റില്ല ബോധ്യമായി.
കരയാതിരിക്കുവാന്‍ പറ്റില്ലൊരുത്തനും
പിരിയാത്തയിണയെ പറിച്ചെറിഞ്ഞാല്‍

മോശമിരു കൂട്ടര്‍ക്കുമുണ്ടെന്നതാകിലും
ലേശവുമില്ലിതില്‍ എന്‍റെ ദോഷം.
ഭോഷമാമിത്തരം ചിന്തകള്‍ വെച്ചു നീ
നാശത്തിലേക്ക് പോയ്‌ വീണിടൊല്ലാ!


സ്വാര്‍ത്ഥലാഭത്തിനായല്ലയോ മര്‍ത്യരേ
വ്യര്‍ത്ഥമാം മോഹങ്ങള്‍ പേറിടുന്നു?
വീര്‍പ്പിച്ചു കാര്യങ്ങള്‍ നാശത്തിലാക്കാതെ-
യര്‍പ്പണം ചെയ്യേണ്ടവരല്ലെ നമ്മള്‍?