Wednesday, September 21, 2016

ഹിജ്റ 1437 ബലി പെരുന്നാള്‍

മാസം കണക്കാക്കുന്ന വിഷയച്ചര്‍ച്ചയില്‍
മോശം വെളിച്ചത്തായി മൌലവിമാരുടെ!
അല്ലാഹു തന്നെ പറഞ്ഞതാം ഫുര്‍ഖാനില്‍
ഇല്ലാത്ത കുലുമാലൊക്കെയിവരൊപ്പിക്കും.
വല്ലാതെ പള്ളയിലാക്കിടും മുതലൊക്കെയും
ഹില്ലോ ഹറാമോ ഒന്നുമേ നോക്കാതെ!
കണ്ണോണ്ടമാവാസീ ദിനം സന്ധ്യയ്ക്ക്
പൊണ്ണപ്പരിഷകള്‍ പറയും നോക്കണം
വിണ്ണില്‍ ഉദിച്ചീടാത്ത ചന്ദ്രനെ തന്നെ
അണ്ണാക്കൊതുങ്ങാതെ വിഴുങ്ങുക പൊന്നേ!
കണ്ടില്ലയോ ഹജ്ജിന്‍ പെരുന്നാളിക്കുറി
മണ്ടശ്ശിരോമണികള്‍ അതാക്കി നാലു നാള്‍!
അല്ലാന്‍റെ ആയത്തതൊന്നുമേ ഗൌനിക്കാ
വല്ലാത്ത കോലമതാക്കി വിട്ടത് കണ്ടുവോ?
*പതിനൊന്നിനും പന്ത്രണ്ടിനും പതിമൂന്നിനും
പതിനാലിനും പെരുന്നാള് തന്നേയിന്ത്യയില്‍!
ദുല്‍ഹിജ്ജ പത്തിന് നാല് നാളോ കൂട്ടരേ?
**ദുല്‍ഫിക്ക്റതായവരൊക്കെയും ഇത് കേള്‍ക്കണേ! 
_________________________________________________________________________
*2016 സെപ്തംബര്‍ മാസം 11 മുതല്‍ 14 വരെയുള്ള 4 ദിവസങ്ങളില്‍
** ചിന്തയുള്ളവര്‍

Monday, September 19, 2016

ഉള്ളിപ്പുരാണം

കഴിഞ്ഞ വര്‍ഷം ഇതേ തിയ്യതിയില്‍ ഉള്ളിക്ക് നാട്ടില്‍ ക്രമാതീതമായി വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ തമാശയായി ഉള്ളി അബൂദാബിയില്‍ നിന്ന് കട്ടു കടത്തിയാലോ എന്ന് ആലോചിക്കുന്നതായി ഒരു  പോസ്റ്റ്‌  അബൂദാബിയില്‍  ജോലിചെയ്യുന്ന ഒരു സഹൃത്ത് ഇട്ട പോസ്റ്റിനു ഒരു കമന്‍റ് ഇങ്ങനെ ഇട്ടിരുന്നു. അത് ഇപ്പോള്‍ വീണ്ടും കണ്ടപ്പോള്‍ എനിക്ക് തന്നെ രസമായി തോന്നി. അതിവിടെ പുനരവതരിപ്പിക്കട്ടെ: സ്ഥിരമായി ഇവിടെ സൂക്ഷിക്കയും ചെയ്യാമല്ലോ

ഉള്ളിയെന്നുള്ള സാധനം
കള്ളത്തരത്തില്‍ ഇറക്കിയാല്‍
ഉള്ളിലാവും സുനിശ്ചിതം
പൊള്ളല്ല കാരിയം ചൊല്ലിടാം.
വെള്ളം കുടിക്കുന്നതെന്തിന്
ഉള്ളിക്ക് വേണ്ടിയിത്രയും?
കള്ളത്തരങ്ങള്‍ വേണ്ട സാര്‍
കൊള്ളില്ല നമ്മള്‍ക്കിപ്പണി.

Wednesday, September 14, 2016

ഓണച്ചതി (മാപ്പിളപ്പാട്ട്)

മാവേലി മന്നന്‍റെ വരവും കാത്തു
മാലോകരെല്ലാം കുഴഞ്ഞു വീണു.
പിന്നെയറിഞ്ഞങ്ങേര്‍ വന്നു പോയി!
ഉന്നതന്മാരെല്ലാം കൈക്കലാക്കി,
മിന്നി മറിഞ്ഞവര്‍ ചാക്കുമായി!
ഒന്നായടന്തുവാന്‍ കൊണ്ടുപോയീ!

അമ്പിളിക്കീറ് കിണറ്റില്‍ കണ്ടു
വമ്പന്‍ തേങ്ങാപ്പൂളാണെന്നു തോന്നി 
കുമ്പ നിറച്ചുള്ള പൂച്ചയെപ്പോല്‍
അമ്പേ വിഷണ്ണനായ് നിന്നുപോയീ
തുമ്പില്ലാതായല്ലോ കാര്യമെല്ലാം!
വമ്പനാം മാവേലീം പറ്റിച്ചല്ലോ!

കൊല്ലാതെ കൊല്ലുന്ന ആളു തന്നെ
വല്ലാത്തീ മാവേലിയെന്‍റെ പൊന്നേ!
എല്ലു മുറിയെ ഞാന്‍ പണി ചെയ്തിട്ടു
എല്ലാമൊരുക്കി വിളമ്പി വെച്ചു
പുല്ലും വില പോലും കല്‍പ്പിക്കാതെ
വല്ലാത്ത പഹയന്‍ നടന്നു നീങ്ങി!

Saturday, September 3, 2016

അയിലപ്പൂതി

അയല വറുക്കും മണമേറ്റ പാടേ
അയമൂന്‍റെ മോനായ ഹൈദറൂന്
വായില്‍ തുടങ്ങിയൊരു കപ്പലോട്ടം
അയില തിന്നാനാര്‍ത്തിയേറെ മൂത്തു,
അയലത്തെ കിച്ചണില്‍ എത്തിനോക്കി,
അയിലയോടിഷ്ടമാണെന്നു ചൊല്ലി.
'പുല്ലേ നിനക്കെന്നെയിഷ്ടമെന്നോ!'
വല്ലാതെ കലി മൂത്തു പെണ്ണു ചൊല്ലി
'കൊല്ലും ഞാന്‍ നിന്നെ', ഉറഞ്ഞു തുളളി.

പയ്യനോ വിറ കൊണ്ടു നിന്നു തൂറി,
അയ്യേ അവനൊട്ടാകെ നിന്നു നാറി,
പയ്യന്‍റെ മീന്‍ പൂതിയൊക്കെ മാറി.
__________________________________________

This small poem was originally scripted in September 2015 in Facebook. Today, while going through the past pages 0f Face Book, I traced it back and by adding 3 more lines I modified it. I am presenting it again to my well wishers with the belief that it may be a time pass to drive away prickly worries. M Abdul Rahman from Minnesota

Friday, September 2, 2016

ഹോട്ട് ഡോഗ് ബണ്‍ (ഹാസ്യകവിത)

HOT DOG BUN

ചായയില്‍ കടിയ്ക്കുവാന്‍ കൊണ്ടുവന്നതാം ബണ്ണ്‍
വായിലിട്ടുതിര്‍ക്കെയെന്‍ കളത്രം വിറച്ചുപോയ്!
‘മായയോ കാണുന്നു ഞാന്‍ കവറില്‍ കുറിച്ചിത്
പ്രിയനേ, പറയണം ഹോട്ട് ഡോഗെന്നല്ലെയോ?’
ഞെട്ടലോടിരിക്കുമെന്‍ മണ്ടിയാം പെണ്ണോടു ഞാന്‍
പെട്ടെന്ന് പറഞ്ഞുപോയ്, മിഥ്യയല്ലയെന്‍ പ്രിയേ,
"ഒട്ടുമേ ശങ്കിക്കേണ്ട ഹോട്ട് ഡോഗാണെന്നതില്‍
കട്ടനില്‍ കടിയ്ക്കുവാന്‍ മേത്തരം കൂട്ടാണെടീ!"
പട്ടിയെന്നല്ലേ സഖേ, ഡോഗെന്നു പറയുകില്‍
കിട്ടിയാലെന്തും തട്ടാമെന്നതോ നിങ്ങള്‍ക്കിപ്പോള്‍?!
പട്ടിയെ തിന്നുന്നതാം കൂട്ടരുണ്ടെന്നുള്ളതും
നാട്ടില്‍ ഞാനിരിക്കവേ കേട്ടതാം പലപ്പൊഴും.
ഒട്ടുമേ വെള്ളിക്കോലില്‍ വെള്ളിയില്ലെന്നാംവണ്ണം
ഹോട്ട് ഡോഗെന്നുള്ളതില്‍ പട്ടിയില്ലെന്നോര്‍ക്കണേ!
മാട്ടിന്‍ പാല്‍ നെയ്യും മറ്റു കൂട്ടുകള്‍ ചേര്‍ത്തിട്ടിതു
ചുട്ടതാം ഹവായിയില്‍ പൊട്ടിയാം പെണ്ണേ കേട്ടോ!
നായ്ക്കളെക്കുറിച്ചുള്ള  കാര്യമോര്‍ത്തിരിക്കവേ
വായത്തലയ്ക്കിറങ്ങിയ വരിയും  കുറിച്ചിടാം.
നായകള്‍ പെരുത്തിട്ട് പേ പിടിച്ചോടീടുമ്പോള്‍
കായി നാലുണ്ടാക്കുവാന്‍ മാര്‍ഗ്ഗമായതു വഴി
പേയിളക്കത്തിന്‍ വാക്സിന്‍ വിറ്റഴിച്ചിടുന്നേരം
നായകന്മാര്‍ക്കെല്ലാര്‍ക്കും കോടികള്‍ ലഭിക്കയായ്!
രാവിലെ മിനസോട്ടയില്‍ മകന്‍റെ വീട്ടില്‍ വച്ചു ബെഡ് കാപ്പി കഴിക്കുമ്പോള്‍ ബണ്‍ കവറിന്മേല്‍ Hot dog എഴുതിയത്  കണ്ടപ്പോള്‍ പണ്ടൊരു മലയാള ദിനപത്രം പട്ടിയിറച്ചി എന്ന് മൊഴിമാറ്റം നടത്തിയ സംഭവം ഓര്‍മ്മ വന്നു. അപ്പോഴുണ്ടായ വെറുമൊരു ഭാവനാസൃഷ്ടി മാത്രമാണ്. നാട്ടിലെ പട്ടി ശല്യം യാദാര്‍ത്ഥ്യവും..

Friday, June 10, 2016

അഹില്ലയും ഗണിതവും



അഹില്ലയെന്നത്‌ ഹിലാല് മാത്രമായ്
മഹല്ല് ബേസിലായ് ചുരുക്കിയെന്നതും
സഹിക്കയില്ലയീ ഗണിതമെന്നതും
ദഹിക്കയില്ലെടോ അതെന്ന ഭാവവും
മഹാ വിപത്തിനെയിറക്കി ഭൂവിതില്‍.

മശരിഖില്‍ നിന്നുമുദിക്കും ചന്ദ്രനെ
മഗരിബില്‍ല്‍ കൊണ്ടു തളയ്ക്കും ശീലവും
മലം പുരട്ടിയീ തുടിക്കും സത്യമില്‍
ബലം കൊടുത്ത് നീ ശ്രവിക്ക് സോദരാ.

‘ഗുമ്മ’ പദത്തിന് മഅ്ന വയ്ക്കവേ
ചുമ്മാതെ മേഘത്തെ കടത്തിവിട്ടതും
ഗുമ്മാക്കി സംഗതി ഇരുട്ടിലാഴ്ത്തിയേ
നമ്മള്‍ ഗ്രഹിക്കണം സഗൌരവം തന്നെ.
.
ഫജ്ര്‍ മുതല്‍ക്കല്ലോ ദിനാരംഭം തന്നെ
ഹിജരിക്കാരതു ഗ്രഹിച്ച കാര്യവും
ലളിതമാക്കിയീ പരമസത്യത്തെ
കുളമാക്കിയവര്‍ക്കെതിരില്‍ നിര്‍ത്തുവാന്‍.

പ്രമാണമായുള്ള ഖുര്‍ആന്‍ തന്നെയാം
പ്രബലമായുള്ള ഗണിതം തന്നതും
പ്രബുദ്ധരാക്കിയീ ജനത്തെയേറെയും
പ്രമാണമൊന്നത് ഗ്രഹിക്കു സോദരാ.

മുസ്ല്യാര്‍ ഇന്ന് തുറക്കാനുണ്ടേ

പത്തിരി ചുട്ടു ഇറച്ചി വരട്ടി,
ഒത്തിരി കോഴിക്കറിയിലുരുട്ടി,
വെട്ടി വിഴുങ്ങാന്‍ പാകമാതാക്കി,
മട്ടന്‍ കുറുമാ, കുട്ടന്‍ കുറുമാ
കാട പൊരിച്ചത്, കോഴിപൊരിച്ചത്
ആട് പൊരിച്ചതതെല്ലാം കൂട്ടി,
മുട്ടപ്പത്തിരി, ചട്ടിപ്പത്തിരി,
ഉന്നക്കായ, സമൂസ്സാ, കട്ട്ലറ്റ്,
പിന്നെയതിന്നായ് സോസുമൊരുക്കി
പലവക നാടന്‍ വിഭവമൊരുക്കി
പലവക ഫ്രൂട്ടുകളെല്ലാം വാങ്ങി
തൊലി നീക്കീട്ടവ പ്ലേറ്റില്‍ വച്ച്,
തരിയും ചായയുമൊക്കെയൊരുക്കി
തരിയും മടികൂടാതെടി കണ്ണേ
പിരിശത്തോടെയിരിക്കെടി പെണ്ണേ,
മുമ്പേ ഞാനിത് ചൊന്നീടുന്നു,
മുസ്ല്യാരിന്നു തുറക്കാനുണ്ടേ.