Wednesday, October 2, 2013

ജനാധിപത്യം

02-10-2013

ജനത്തെ സേവിക്കുവാനിറങ്ങി
കനത്തതായ് നമ്മുടെ കീശ വീര്‍ത്തു.
സുനാമി പോലൊന്ന് വന്നിരുന്നേല്‍
ബിനാമിയായിട്ടതുമെനിക്ക് നേട്ടം.
കനത്ത വയറും ഖദറിന്‍റെ ഷര്‍ട്ടും
മിനുത്ത കവിളത്തൊരു വെളുത്ത ചിരിയും
വിനീതനാമെന്ന ഹാവഭാവം
ധനമിത്ര മാത്രം മതി സേവ ചെയ്യാന്‍
ജനത്തെയൊന്നാകെ മയക്കി നിര്‍ത്താന്‍.
അനീതിയസമത്വമതൊക്കെ നീക്കാന്‍ !

തൊഴിലാളി സര്‍വ്വാധിപത്യലക്ഷ്യം
വഴി എന്തുമാവാമതിലെത്തുവാനായ്.
തൊഴി കൊടുക്കാം, വടിവാളെടുക്കാം,
വഴി മുടക്കാം വെടിയും ഉതിര്‍ക്കാം.
ഏഴകളെയെല്ലാമണിയില്‍ നിരത്തി
തൊഴിയേല്‍ക്കുവാന്‍ മുമ്പിലാക്കിയേക്കാം.
അഴിയകത്തായാല്‍ അതിലെന്തു ചേതം?
പഴിയെത്ര കേട്ടാലതിലെന്ത് ദോഷം?
കിഴിയായി നമ്മള്‍ക്ക് വന്നു ചേരും
ഒഴിയാതെയെന്നും സുഭിക്ഷമായി.

ഇന്ത്യയെന്നാല്‍ ഹിന്ദുവിന്‍ സ്വത്ത് മാത്രം
എന്തുണ്ട് മേത്തര്‍ക്ക് കാര്യമിങ്ങ്?
കുന്തവും കത്തി, വടിവാള് ബോമ്പും
എന്തുമാവാം കൂട്ടരെ കൊന്നൊടുക്കാന്‍
ചിന്തയ്ക്ക് പൂട്ടിട്ട് മയക്കി നിര്‍ത്താന്‍
ഹിന്ദു വികാരം അടിച്ചു കേറ്റാം.
സിന്ദൂര പൊട്ടും ഒരു ചുവന്ന ചരടും
എന്തെങ്കിലും വിക്രിയ ചെയ്തുകൊണ്ടും
എന്തു മാര്‍ഗ്ഗേണയും കേറി വന്നാല്‍
അന്തമില്ലാതെ പണമായി മോനേ!

മുസ്ലിമായുള്ളോര്‍ക്ക് രക്ഷ കിട്ടാന്‍,
മുഅ്മിനായ് ജീവിക്കണമെന്ന് വേണേല്‍
മൂന്നാല് പെണ്ണുങ്ങളെ വേളി ചെയ്യാന്‍
മുസല്‍മാന് സൗകര്യം വേണമെങ്കില്‍
മുഴുപേരുമിങ്ങോട്ടണി ചേര്‍ന്നു നില്‍ക്കൂ
മന്മോഹനാശാനെ പിന്തുണയ്ക്കാം.
മനമോഹന പായസം നല്‍കിയിട്ട്
മഹനീയ സ്ഥാനം ലഭിച്ചിരുന്നാല്‍
മധുവും മദിരാക്ഷിയും ഒക്കെയായി
മയിലാട്ടമാടി നടത്തമാവാം.

എല്ലാര്‍ക്കും പാടാമൊരു സംഘഗാനം
പുല്ലേ, ജനങ്ങളേ, ഒന്ന് പോടോ!

No comments:

Post a Comment