Wednesday, October 9, 2013

അടിയാധാരം

കാശു കിട്ടുന്ന തരികിട പലതുമുണ്ടേലും
മോശം തീരെയില്ലാത്ത കാര്യമതൊന്നു കേട്ടോളൂ.
ഏക്കറൊരു പാട് ഭൂമി വെറുതെയിട്ടിട്ട്
 നിക്കറുമിട്ടിറങ്ങേണ്ട ഗുലുമാല്‍ വന്നുപെട്ടപ്പോള്‍
നമ്മുടെ സ്വന്തമിബിലീസ്സ് തന്ത്രമതോതി തന്നാനേ
ചുമ്മാതെന്തിനാ കുഞ്ഞേ, ദു:ഖം പൂണ്ടുനില്‍ക്കുന്നേ?
ഇംഗിതമൊക്കെ സാധിപ്പാന്‍ വഴി ഞാനോതി തന്നീടാം,
സംഗതി നേരെയാക്കീടാന്‍ നമ്മള്‍ക്കൊത്തു കൂടീടാം.
ശൈഖിന് ധൈര്യമുണ്ടെങ്കില്‍ നമ്മള്‍ കൂടെയുണ്ടെന്നും,
ശൈത്താന്‍ കൂടെയുണ്ടെങ്കില്‍ പിന്നീടാരെ പേടിക്കാന്‍ ?
ഒക്കെയും വിറ്റ് കഷ്ടതയേറെ താണ്ടീട്ട്
മക്കയില്‍ ഹജ്ജ് ചെയ്യാനായ് ജനതതി ഓട്ടമാണല്ലോ.
അപ്പടി പെരിയതാം പള്ളി നാട്ടില്‍ പണി കഴിപ്പിച്ചാല്‍
ചൊല്‍‍പ്പടിയാക്കിടാം പൊന്നേ, ജനതതി കൂടെ വന്നോളും.
വല്ലികളേറെയുണ്ടല്ലോ നാട്ടില്‍ മുടി വളര്‍ത്തുന്നോര്‍
മെല്ലേയൊന്നു പോയീട്ട് പിഴുതിങ്ങോട്ടു വാ മോനേ!
മായാമാന്ത്രികപ്പണികള്‍ മുടിവഴി വേറെയൊപ്പിക്കാന്‍
കോയാ, പിന്നെയും നമ്മള്‍ നിര്‍ദ്ദേശം തരുന്നുണ്ട്.
മുടിയുടെ നീര് വിറ്റീട്ട് ബിസിനസ് പൊടിപൊടിക്കുമ്പോള്‍
കൊടിയ ഹലാക്കു വര്‍ഗ്ഗങ്ങള്‍ സനദിന്‍ ചോദ്യമിട്ടല്ലോ!
സനദ് ചോദിച്ച് മുടിയുടെ വില കുറയ്ക്കേണ്ട,
അനവധി മനിതരുണ്ടെന്‍റെ അണിയില്‍ നിരനിരപ്പായി.
പൊളിയാണെന്നു ചൊന്നീട്ട് കളി എന്നോടു വേണ്ടട്ടോ!
ഗളമില്‍ കയറു മുറുകീട്ടു മൌലവി പോയതെങ്ങോട്ട്?
അക്കരെ കൂടെ വന്നാലെന്‍ മുടിയുടെ വേരു കാണിക്കാം,
ചക്കര തൊട്ട് നക്കീട്ട് ഗുണമിരുപേര്‍ക്കുമുണ്ടാക്കാം.
മുടിനീര്‍ നിങ്ങളും പണ്ട് കാശിനു വിറ്റതാണല്ലോ,
വടിയിട്ടെന്നെ നോവിക്കാന്‍ നിങ്ങള്‍ക്കെന്തു മികവുണ്ട്?
നാല് മുക്കാല് കിട്ട്ണ പണിയെടുക്കുമ്പോള്‍
കോലിട്ടതു വെടക്കാക്കി കാര്യം തോട്ടിലാക്കല്ലേ!
മൌനികളായി നിന്നാലേ നിങ്ങടെ കാര്യവും നമ്മള്‍
ഗൌനിച്ചീടുമത് തീര്‍ച്ച വിഘടിത സുന്നി ഗ്രൂപ്പുകളേ!
ആശാറാമുമാരേറെ, സ്വാമികളൊക്കെയും തന്നെ,
കാശുണ്ടാക്കിടുന്നേരം നമ്മള്‍ പിന്നിലാകണമോ?

No comments:

Post a Comment