Monday, September 30, 2013

ചോയിമഠപ്പുരാണം

ചോയിമഠത്തിന്നിരുകരെയായി
ചേലില്ലാത്തവരതുമുണ്ടനിയാ!
വെള്ളിവെളിച്ചം കാണാനിഷ്ടം
ഉള്ളിലശേഷമതില്ലാത്തതിനാല്‍,
കൂത്താട്ടത്തിന് ബഹുസുഖമല്ലോ
കൂരിരുള്‍ മൂടികഴിഞ്ഞാല്‍പ്പിന്നെ.
ശ്വാനന്മാരെപ്പോലെ വഴിയില്‍
ആനന്ദത്തിലൊഴിക്കുന്നവരും,
ഉണ്ടേ ഒന്ന് കഴിഞ്ഞാല്‍പ്പിന്നെ
രണ്ടാം നമ്പറടിക്കുന്നവരും.
സ്വാര്‍ത്ഥതയേറും കൂട്ടരെയിവരെ
മര്‍ത്യന്മാരില്‍ പെടുത്തിക്കൂടാ
ഇമ്മാതിരി ഒരു പിടിയുള്ളതിനാല്‍
നമ്മള്‍ മുഴുവന്‍ നാറ്റമതേല്‍പ്പൂ.
നമ്മുടെ നാട്ടിന്‍ ശാപമിതല്ലോ
അമ്മേ പറയാന്‍ പോലും വയ്യേ!
അനവധിയാളുകള്‍ നമ്മളിലുണ്ടേ
മനുജരില്‍ സേവനമര്‍പ്പിക്കുന്നോര്‍.
പേരുകള്‍ ചൊല്ലുക സാഹസമാവും
വേരുകളെണ്ണിപ്പറയുകയെന്നാല്‍ .
ആയതിനാലൊരു  വാക്കിലതുക്കാം.
ആയിരമായിരം നന്ദീയെന്ന്.
ഈഗോയെല്ലാം ദൂരെയെറിഞ്ഞ്‌
പോകാം നല്ല വെളിച്ചം കണ്ട്  
ഭിന്നിപ്പെല്ലാം ദൂരെയെറിഞ്ഞാല്‍
മിന്നും നേട്ടമതുണ്ടാക്കീടും.
ഐക്യത്തോടെ നടന്നാലതുവഴി
സൌഖ്യം നേടാമെല്ലാവര്‍ക്കും.


ചക്രായുധം

പത്താം ക്ലാസ്സ് കടക്കുന്നേരം
പള്ളയും വീര്‍ത്ത് നടക്കാനായാല്‍,
പെറ്റ് കിടക്കാനായാലതു വഴി
പെണ്ണിന്‍ ദുരിതമതെല്ലാം തീരും!

ചിന്തയിലന്തിലന്തി പടര്‍ന്നതു കൊണ്ടോ?
ചന്തിയില്‍ ചിന്ത പതിഞ്ഞത് കൊണ്ടോ?
മുന്തിയൊരായുധമുള്ളത് കൊണ്ടോ? 
എന്തുമതാവം എന്നത് കൊണ്ടോ?

ചക്രായുധമുണ്ടെന്ന വിചാരം
വക്ര മനസ്സിന്‍ ദുര്‍വ്യവഹാരം.
പോക്രിത്തരമിത് വേവില്ലളിയാ
മാക്രികളൊന്നായ് വന്നാല്‍ പോലും!

കോപ്രായങ്ങള്‍ കാണിക്കാനായ്,
അപ്രിയ കാര്യങ്ങള്‍ക്കൊരു തണലായ്,
സുപ്രീം കോര്‍ട്ടുണ്ടെന്ന വിചാരം
ലപ്രസി വന്ന മനസ്സിന്‍ താളം.

ദുനിയാ പൂജകര്‍


ഭൂമിയില്‍ സ്വര്‍ഗ്ഗമുണ്ടാക്കുന്ന കൂട്ടര്‍ തന്‍
ഭാവിയെന്താകുമെന്നോര്‍ത്തു നോക്കൂ.
പള്ളികള്‍ മുടിപേരില്‍ നിര്‍മ്മിച്ചിടുന്നത്
പള്ള നിറയ്ക്കുവാനെന്ന കാര്യം
കള്ളന്‍റെ രീതികള്‍ കാണുന്നന്നവര്‍ക്കൊക്കെ
വെള്ളം പോല്‍ അറിയുന്ന കാര്യമല്ലേ?
ഡെന്‍റലാസ്പത്രിക്ക് ലക്ഷങ്ങള്‍ നല്‍കിയോര്‍
മെന്‍റലായ് തീര്‍ന്നതും ഓര്‍മ്മയില്ലേ?
ഉണ്ടോ ‘കമാലിയ’ക്കായീ സ്വരൂപിച്ച
ഫണ്ടിന്‍റെ വിനിയോഗമായ കോലം?
എണ്ണിപ്പറയുകില്‍ ശൈഖിന്‍റെ ചെയ്തികള്‍
വിണ്ണോളം വരുമെന്ന സത്യമോര്‍ക്കൂ.
കള്ളന്‍റെ പിന്നാലെയണിചേര്‍ന്നു നില്‍പ്പതും
അള്ളാഹു കാണുമെന്നോര്‍മ്മ വേണം.  
സ്വര്‍ഗ്ഗക്കവാടത്തില്‍ പാസ്സ് നല്‍കാന്‍പോന്ന
വര്‍ഗ്ഗത്തിലോയിവന്‍ എന്‍റെ റബ്ബേ!
സൂറത്തുല്‍ ഖമറിലെ നാല്‍‍പ്പത്തിനാലഞ്ച്
സൂക്ഷിച്ചു നോക്കെടോ പൊന്നു മോനേ!
സജദയില്‍ ഇരുപത്തിയൊന്നാമതായത്തും
സവിനയം ഞാനൊന്നുണര്‍ത്തിടട്ടെ.
നരമൂത്തു നില്‍ക്കുന്ന താടിയും വെച്ചിവന്‍
സ്ഥിരമായിഹ പാര്‍ക്കും ധരിച്ചുവച്ചോ?

മര്‍ത്ത്യന്‍റെ വേഷത്തില്‍ വാഴും പിശാചിനെ
കര്‍ത്താവേ തൊലിയുരിച്ചൊന്ന് കാട്ടൂ. 

Sunday, December 2, 2012

എരുമ ലോണ്‍


അരുമക്കിടാങ്ങളെ പോറ്റുവാന്‍ ഗതിമുട്ടി-
യൊരുപാട് സൂത്രങ്ങള്‍ തേടി ഞാനും.
‘എരുമക്ക് ലോണൊന്ന് കിട്ടുകില്‍ നല്ലതാം,
കര കേറുമതിനാലെ നിന്‍ കുടുംബം.’
കോരിത്തരിച്ചു ഞാനുരിയാട്ടമത് കേട്ട്
നിരയായ്‌ മനസ്സില്‍ കിനാക്കളേറി.
പരിപാടിപ്രഭയേറ്റ് സഹധര്‍മ്മിണിക്കുമെ-
ന്നരികെ കിടന്നിട്ടുറക്കമില്ലാ!
വരമൊന്നു കിട്ടിയത് പോലെയുന്മാദനായ്‌
പുര വിട്ടിറങ്ങി കൃഷിഭവനിലേക്കായ്‌.
കരുനീക്കി കാര്യമിത് മുറപോലെയാക്കുവാന്‍
ശരിയായ രീതിയില്‍ കാണ്‍ക വേണം’
പൊരുളെന്തിതറിയുവാന്‍ പിറ്റേ ദിനം കാലെ
പരമേശ്വരന്‍ പ്യൂണിനെ ചെന്നു കണ്ടു.
‘തിരിവില്ലെ മൂപ്പരേ, കാര്യമിതു സിമ്പിളാ-
ണൊരു നൂറെനിക്കും വലുതൊന്നവന്നും.
ശരിയാക്കി തന്നിടാം മുറ പോലെയൊക്കെയും
കരയാതെ പൊയ്ക്കൊളൂ സ്വസ്ഥനായി.’
മരുമകന്‍ അറിയാതെ മകളോട് ചൊന്നു ഞാന്‍ ,
തരുമൊ നിന്‍ മോതിരം ഒന്നു തിരിയാന്‍?’
പരിപാടി ഉഗ്രനാണെന്ന് തോന്നീടിനാല്‍
നീരസം കാട്ടാതവള്‍ പ്രതികരിച്ചു.
‘തരുമല്ലൊ ഉപ്പാക്ക് വരുമാനമാവുകില്‍
ഒരുവനുമിതറിയാതെ ലാഭാമോടെ?’
തരമാക്കിയാവിധം ആയിരത്തൊരുനൂറ്
പരമൂന്‍റെ കയ്യിലേല്‍പ്പിച്ചു പോന്നു.
ഒരു നാളിലറിയിപ്പുമായ്‌ വന്നു കുടിലിലെന്‍
പരമ പ്രസാദനായ്‌ പരമുവേട്ടന്‍



പരമാര്‍ത്ഥമിതു കേട്ട് പുളകത്തിലാടി ഞാന്‍
പുരികം ചുളിക്കാതെ തീറ്റ നല്‍കി.
എരുമയെക്കണ്ടെത്തി വിലയാക്കി വന്നു ഞാ-
നൊരുമിച്ചു പോകണം ഡോക്റ്ററൊപ്പം.
ഒരു ജാതി രോഗവും ജന്തുവതിനില്ലെന്നു
വരിയാല്‍ കുറിക്കണം ഡോക്റ്ററേമാന്‍.
പെരിയോനെ ധ്യാനിച്ച്‌ മനവും തണുപ്പിച്ച്
അരികത്ത് പോയി ഞാന്‍ കാര്‍ വിളിച്ചു.
തിരികെ പോരുമ്പൊഴെന്‍ കടലാസ്സു കിട്ടുവാന്‍
തരമായ്‌ കൊടുത്തവന്നായിരം ഞാന്‍.
ഒരുനൂറു നോട്ടിന്‍റെ പിടയുന്നൊരെട്ട് ഞാന്‍
ശരവണന്‍ ഡ്രൈവര്‍ക്കു കൂലി നല്‍കി.
ഒരു നാളിലന്നങ്ങിനെ കാശിനായ്‌ ചെല്ലുവാ-
നൊരു കുറിപ്പായിട്ടു വന്നൊരുത്തന്‍.
ശരിയായ രീതിയില്‍ വില്ലേജധികാരിയെ-
ത്തരമാക്കി വേണമാ ചെക്ക് വാങ്ങാന്‍.
ഒരുവിധം കേണു ഞാനായിരത്തഞ്ഞൂറില്‍
ദുര മൂത്ത കരിമനം ശാന്തമാക്കി.
ചിരി തൂകും തലയുള്ളൊരമ്പതിന്‍ കെട്ടായി
പിരിശത്തിലന്നു ഞാന്‍ ചെക്ക് മാറി.
എരുമയ്ക്ക് നേരെപോയിന്‍ഷൂറെടുക്കുവാ-
നുരചെയ്തു വിട്ടെന്നെ കൃഷി വകുപ്പോന്‍.
എരുമ തന്നിന്‍ഷൂറ് ശരിയാക്കുവാനായി-
ട്ടിരുനൂര് പിന്നെയും ചിലവിടുന്നേന്‍.
എരുമയ്ക്ക് പകരമായിന്‍ഷൂറ് വേണ്ടതീ-
യിരുകാലി മണ്ടനാണെന്നു തോന്നി!


Friday, October 26, 2012

ശുനകശിരോമണി

ശുനകനൊരുത്തനെ വഴിയില്‍ കണ്ടു
ശുനകാ എന്ന് വിളിച്ചത് മൂലം 
വിനയായ്‌ത്തീര്‍ന്നൊരു കഥ പറയാം ഞാന്‍,
മനിതന്മാരിത് കേള്‍ക്കുക നന്ന്.
ശുനകാ എന്നൊരു പേര് വിളിച്ചത്
ശുനകന്മാര്‍ക്ക് രസിച്ചില്ലയ്യാ!
ശുനകന്മാരത കൂട്ടം കൂടീ-
ട്ടനിയനെയന്നു കടിച്ചു നുറുക്കാന്‍.
അനിയനെ തൊടുവാന്‍ കിട്ടാത്തതിനാല്‍
ശുനകന് ദ്വേഷ്യമതങ്ങു പെരുത്തു.
“ശുനകാ എന്നൊരു പേര് വിളിച്ച്
മേനക മക്കളെയപമാനിക്കാന്‍
മനിതനിതെങ്ങനെ ധൈര്യം വന്നു?
മോനെ നിനക്കൊരു പണി തന്നീടാം!”
എന്ന് പറഞ്ഞവന്‍ കയറിച്ചെന്നി-
ട്ടെസ്സൈയോടു പരാതി പറഞ്ഞു.
“ഹമ്പട അവനിന്നത്രക്കായോ?
വമ്പന്‍ നമ്മളെ വെല്ലുവിളിക്കാന്‍?
ചൂരല്‍ വടിയും കയ്യിലെടുത്തു
നേരെ വന്നവനെന്നെ പിടിച്ചു.
“മേനക മക്കളെ ആരാടാ നീ
ശുനകാ എന്ന് വിളിക്കാന്‍ പോന്നോന്‍?”
എന്ന് പറഞ്ഞവനാക്രോശിച്ചു,
മൂന്നാലടിയന്നേരം തന്നു,
സെല്ലില്‍ ചെന്നതില്‍ ശേഷം പിന്നെ
കൊല്ലാക്കൊല ചെയ്തെന്നെ ശരിക്കും.
എസ്പീയന്നൊരു ചാര്‍ജ്ജു ചുമത്തി.
എസ്പീസിഎ എന്ന വകുപ്പില്‍
ഇട്ടു റിമാന്‍ഡില്‍ രണ്ടാഴ്ചയ്ക്കായ്‌
വെട്ടിലതാക്കിയതെന്തൊരു കഷ്ടം!
പിന്നെക്കോടതി കയറിയിറങ്ങല്‍
ഇന്നും എന്നും പതിവായ്‌ മാറി.
കനകം തന്നാല്‍ പോലും ഞാനിനി
ശുനകനെ ശുനകന്‍ എന്ന് വിളിക്കാ.

ഉളുഹിയത്ത്

പോത്തുകളനവധി മദ്ബൂഹായി,
പുണ്യ പെരുന്നാള്‍ ബഹുജോറായി,
പള്ളകളേറെയും നാല്‍ക്കാലികളുടെ ചുടലയുമായി-
ട്ടള്ളോ! ഭേരി മുഴക്കാം ഇനിയുമുറക്കെ തക്ബീറായി. 
നോമ്പ്. സക്കാതുമതൊന്നും വേണ്ട!
നിസ്ക്കാരം ഒഴിവുണ്ടേലാകാം,
നടപടി മുഴുവന്‍ ഇസ്ലാമിന്നു വിരുദ്ധവുമാവാം,
നരനാണെന്ന് കുറിക്കും ലക്ഷണമൊന്നുമശേഷം വേണ്ടാ,
നേരെ സ്വര്‍ഗ്ഗം പൂകാന്‍ വരുവിന്‍ കൂട്ടരെ, നിരനിരയായി !

Friday, October 12, 2012

പരദേശി


വിഷനുകള്‍ ഏറെയെന്നകതാരിലേറ്റി ഞാന്‍
വിസയൊന്നതൊപ്പിച്ചു ഗള്‍ഫിലേക്ക് .
ഒട്ടുനാളൊരുപാടലച്ചിലിന്‍ ശേഷമായ്‌
ഒട്ടകം മേയ്ക്കുന്നൊരു ജോലി കിട്ടി.
ഇരവിന്‍ തണുപ്പിലും പകലിന്‍റെ വേവിലും
കരളെന്‍റെതൊരുപോലെ ചുട്ടുനീറി.
മരുഭൂവിലന്നങ്ങിനെ ഉഴലുന്ന വേളയില്‍
മലയാളി ഒരുവന്‍റെ കൂട്ട് കിട്ടി.
എരിവുള്ള നൊമ്പരക്കഥകള്‍ പരസ്പരം
ഇരുവരും കൈമാറി നാള്‍കള്‍ നീക്കി.
കരയും സുഹൃത്തിന്‍റെ കഥകള്‍ ശ്രവിക്കവേ
കരയാതിരിക്കാന്‍ കഴിഞ്ഞതില്ല.
കര കാണാക്കടലില്‍ പെട്ടുഴലുമാ മര്‍ത്യന്നു 
ഒരു താങ്ങ് നല്‍കുവാനാശ തോന്നി .
അര മുറുക്കീട്ടു സ്വരൂപിച്ചതിന്മേലെ
അരികത്തെ ഫ്ലാറ്റിന്നു കടമായെടുത്തതും
കരതലത്തേക്ക് ഞാന്‍ കടമായ്‌ കൊടുത്തുപോയ്‌
കനിവിന്‍റെ നൊമ്പരക്കാഴ്ച പോലെ.
മൃതുവായ് ചിരിക്കുന്ന സാധുവാ മര്‍ത്യന്നു
കൊതുകിന്‍റെ മനമുള്ളതാരറിഞ്ഞു?
പൊടിപോലും കണ്ടില്ല പിന്നെയാ പഹയന്‍റെ
കടവുളേ നീയെന്നെ കയ്യോഴിച്ചു!
കടവും പെരുത്തിട്ടു മാനവും പോയി ഞാന്‍
കടലും കടന്നിങ്ങു കുടിലിലെത്തി.
തീര്‍ന്നതില്ലതുകൊണ്ടുമൊന്നുമെന്‍ കഷ്ടത
വാര്‍ന്നു പോയീടുന്നെന്‍ ചോര നീരും.
കൊടി പിടിച്ചീടുന്നു കുടിലിന്‍റെ മുമ്പിലെന്‍
കടമുള്ള മാനുജ കൂട്ടമൊന്നായ് !
ജീവിതം തേടിയങ്ങക്കരെ പോയ ഞാന്‍
ജീവച്ഛവം പോലെയായി മാറി !
കനിവിന്‍റെ കേദാരമായുള്ളോരീശ്വരാ,
കാതില്ലേ കേള്‍ക്കാന്‍ നിനക്കിതൊന്നും ?