Monday, September 30, 2013

തിരുവോണ സങ്കടം

ഓണാശംസകളനവധി കിട്ടി,
പണവും വാരിക്കോരിയെറിഞ്ഞു,
സദ്യയും മദ്യവുമൊക്കെ വിളമ്പി,
വാദ്യം മേളകളൊക്കെ തകർത്തു,

എന്നാലാരും ചോദിച്ചില്ല 
വന്നാലൊരു പിടിയുണ്ണാമെന്ന്.
സംഗതി കേട്ട സുഹൃത്ത്‌ പറഞ്ഞു,
വിങ്ങാതെന്നുടെ പൊന്നനിയാ നീ.

അന്നം കിട്ടീട്ടില്ലെന്നാലും,
എന്നും ദുര്‍വിധിയാണെന്നാലും,
ഒരു പിടിയാരും തന്നില്ലെങ്കില്‍
പരിഭവമൊട്ടും പറയരുതാരും

കാര്യം നേരെ പറഞ്ഞാൽ പോലും 
കേട്ടില്ലെന്നു നടിക്കുന്നവരെ
പാട്ടിനു വിടുവാൻ പറ്റില്ലേട്ടാ,
പുട്ടുമടിച്ചു നടക്കാനിവരെ.

മാവേലീയുടെ വരവും കാത്ത് 
നാവിൽ വെള്ളവുമൂറിക്കൊണ്ട് 
ചാവോളം ഞാൻ നിന്നത് ബാക്കി 
നോവല്ലാതെ ലഭിച്ചില്ലൊന്നും!

പിന്നെയറിഞ്ഞു വന്നവൻ പോയി,
പെരിയവരെല്ലാം കീശയിലാക്കി!
പാവപ്പെട്ട ജനത്തെക്കാണാൻ
മാവേലിക്കും പറ്റില്ലേട്ടാ! 

ഉള്ളവരെല്ലാം പള്ളയിലാക്കുക, 
തള്ളിപ്പറയുക ഇല്ലാത്തവരെ,
കള്ളി വെളിച്ചത്തായാൽ പിന്നെയു- 
മുള്ളിലൊതുക്കണമെന്നോ വാദം?


No comments:

Post a Comment