പെണ്‍ജന്മം:-
പെണ്ണിന്നു ജന്മം നല്‍കല്ല പെണ്ണേ
എണ്ണിയാല്‍ തീരില്ലതിന്‍റെ ദണ്ഡം.
ഉണ്ണികള്‍ പിരിയുന്ന മുമ്പ് തന്നെ
കണ്ണു വയ്ക്കേണമതിനായി പൊന്നേ.
ആണിന്നൊരിക്കലും പിഴവ് പറ്റാ
ആര്‍ക്കുമതറിയുന്ന കാര്യമല്ലോ!
മങ്കമാര്‍ പോലും മങ്കയ്ക്ക് നേരെ
ശങ്ക വേണ്ടാ തിരിയുന്ന കാലം!
മിണ്ടാതിരിക്കലാണേറെ ഭേദം
മണ്ടികള്‍ക്കറിയാത്തതിലാണ് ഖേദം.
പെണ്ണിന്നു വേണ്ടി നിലകൊള്ളുമെന്നു
പറയുന്ന കൂട്ടരും പൊള്ള് തന്നെ!
പെണ്ണിന്നു പാതി സീറ്റെന്നു ചൊന്ന
പണ്ടാര പരിഷകളുമെങ്ങു പോയി?
നല്ല പാതിയെന്നു ചൊന്നു നിന്നെ
മെല്ലെ മെല്ലെ കെണിയില്‍ കുടുക്കാന്‍
ആണിന്‍റെ വൈഭവമതൊന്നു വേറെ
ആണുങ്ങളെല്ലാമറിയുന്ന കാര്യം.
ഹൂറിയാം നീയെന്നു ചൊന്നവന്മാര്‍
പാറിപ്പറത്തുന്നു വാനിലൂടെ.
കാര്യം കഴിഞ്ഞാല്‍ കറിവേപ്പ് പോലെ
കാണിക്കും നിന്നെയവരെന്നതോര്‍ത്തോ!
നിന്നെപ്പടച്ച തമ്പ്രാനു പോലും
കൊന്നു തിന്നാന്‍ നിന്നെ മോഹമുണ്ടേ!
എന്നുമേയുരുകീട്ട് നീറി നീറാന്‍
തന്നെയാം നിന്‍ ജന്മമെന്നറിഞ്ഞോ !
No comments:
Post a Comment