Tuesday, November 1, 2016

ഉടലും തലയും



വേണ്ടാത്ത ചിന്തകള്‍ തലയിലുദിക്കയാല്‍
വേണ്ടായിനിയിത്തലയെന്നു തോന്നി.

തലയൊന്നു മാറ്റുവാന്‍ കാശിനായിട്ടു ഞാന്‍
വില കെട്ട പണിയേറെ ചെയ്തു കൂട്ടി.
 

തലയിന്നു മാറ്റുവാന്‍ കാത്തിട്ടിരിക്കവേ
ഉടലിന്നു ചൊന്നു തല വേറെ വേണ്ടാ.

ഉടലിനെ മാറ്റുവാന്‍  ചിന്ത വന്നപ്പോഴേ
പിടലിക്ക് പെട്ടെന്നൊരു വീക്ക് കിട്ടി.

പിരിയാതെയിത്ര നാള്‍ പങ്കിട്ട ജീവിതം
പിരിയുവാന്‍ പറ്റില്ല ബോധ്യമായി.
കരയാതിരിക്കുവാന്‍ പറ്റില്ലൊരുത്തനും
പിരിയാത്തയിണയെ പറിച്ചെറിഞ്ഞാല്‍

മോശമിരു കൂട്ടര്‍ക്കുമുണ്ടെന്നതാകിലും
ലേശവുമില്ലിതില്‍ എന്‍റെ ദോഷം.
ഭോഷമാമിത്തരം ചിന്തകള്‍ വെച്ചു നീ
നാശത്തിലേക്ക് പോയ്‌ വീണിടൊല്ലാ!


സ്വാര്‍ത്ഥലാഭത്തിനായല്ലയോ മര്‍ത്യരേ
വ്യര്‍ത്ഥമാം മോഹങ്ങള്‍ പേറിടുന്നു?
വീര്‍പ്പിച്ചു കാര്യങ്ങള്‍ നാശത്തിലാക്കാതെ-
യര്‍പ്പണം ചെയ്യേണ്ടവരല്ലെ നമ്മള്‍?

No comments:

Post a Comment