Thursday, September 10, 2015

പെണ്‍ ജന്മം

പെണ്‍ജന്മം:- പെണ്ണിന്നു ജന്മം നല്‍കല്ല പെണ്ണേ എണ്ണിയാല്‍ തീരില്ലതിന്‍റെ ദണ്ഡം. ഉണ്ണികള്‍ പിരിയുന്ന മുമ്പ് തന്നെ കണ്ണു വയ്ക്കേണമതിനായി പൊന്നേ. ആണിന്നൊരിക്കലും പിഴവ് പറ്റാ ആര്‍ക്കുമതറിയുന്ന കാര്യമല്ലോ! മങ്കമാര്‍ പോലും മങ്കയ്ക്ക് നേരെ ശങ്ക വേണ്ടാ തിരിയുന്ന കാലം! മിണ്ടാതിരിക്കലാണേറെ ഭേദം മണ്ടികള്‍ക്കറിയാത്തതിലാണ് ഖേദം. പെണ്ണിന്നു വേണ്ടി നിലകൊള്ളുമെന്നു പറയുന്ന കൂട്ടരും പൊള്ള് തന്നെ! പെണ്ണിന്നു പാതി സീറ്റെന്നു ചൊന്ന പണ്ടാര പരിഷകളുമെങ്ങു പോയി? നല്ല പാതിയെന്നു ചൊന്നു നിന്നെ മെല്ലെ മെല്ലെ കെണിയില്‍ കുടുക്കാന്‍ ആണിന്‍റെ വൈഭവമതൊന്നു വേറെ ആണുങ്ങളെല്ലാമറിയുന്ന കാര്യം. ഹൂറിയാം നീയെന്നു ചൊന്നവന്മാര്‍ പാറിപ്പറത്തുന്നു വാനിലൂടെ. കാര്യം കഴിഞ്ഞാല്‍ കറിവേപ്പ് പോലെ കാണിക്കും നിന്നെയവരെന്നതോര്‍ത്തോ! നിന്നെപ്പടച്ച തമ്പ്രാനു പോലും കൊന്നു തിന്നാന്‍ നിന്നെ മോഹമുണ്ടേ! എന്നുമേയുരുകീട്ട് നീറി നീറാന്‍ തന്നെയാം നിന്‍ ജന്മമെന്നറിഞ്ഞോ !

ഫെമിനിസ്റ്റ് {ഒരുമ്പെട്ടവള്‍}

ചുറ്റിക്കറങ്ങാനൊരു റങ്ക് വന്നു
പറ്റിയൊരുത്തന്‍റെ വാലില്‍ തൂങ്ങി
വല്ലിയൊരുത്തിയൊരു നാളിറങ്ങി
എല്ലാടവും പെണ്ണ് പോയുറങ്ങി
കൂട്ടാളികള്‍ പലരും കേട്ടറിഞ്ഞു
കൂട്ടുകാരും ചിലര്‍ പങ്കുവെച്ചു.
നാളുകള്‍ പലതും കൊഴിഞ്ഞു പോയി,
നാണവും പെണ്ണ് മറന്നുപോയി
കേളികള്‍, ലീലകള്‍ പലതുമായി,
കേറിയിറങ്ങി റിസോര്‍ട്ട് പലതും
അഞ്ചാറു മാസം കടന്നുപോയി,
മൊഞ്ചൊക്കെ വല്ലാതെ ചോര്‍ന്നുപോയി
പലവട്ടമെല്ലാരും വന്നു കേറി,
പുലയാട്ടു സ്ഥിരമാം പരിപാടിയായി.
ഒരു നാളിലൊരു മന്ത്രി വന്നു കേറി
ഹരമായി മൂപ്പര്‍ക്ക് ലീലയെല്ലാം.
കിട്ടി പുളിങ്കൊമ്പ് പിടിയിലെന്ന്
പെട്ടെന്ന് പെണ്ണും തിരിച്ചറിഞ്ഞു.
പ്ലേറ്റവള്‍ പെട്ടെന്ന് മാറ്റിവച്ചു
പീഡനം എന്നങ്ങവളാര്‍ത്തലച്ചു
മീഡിയക്കാരങ്ങതേറ്റു പാടി
നാടാകെ ഹീറോയിനിയായി മാറി
മന്ത്രീടെ പണി പോക്കുവാനുമിന്നു
തന്ത്രമറിയുന്നവളായി പെണ്ണ്.
സ്ത്രീശക്തിയെന്നുള്ള പേര് കേട്ടാല്‍
ശ്രീമൂലം തിരുനാളുമൊന്നു ഞെട്ടും.


Wednesday, September 9, 2015

അബ്സാര്‍ മുഹമ്മദും പശുവും

പശുവിനെ പോറ്റുന്ന പണിയുമുണ്ടോ?
പരിപാടി കണ്ടിട്ടെനിക്ക് തോന്നി.
പാവമാം റഹമാനിത് കണ്ട നേരം
പാലല്‍പം മോന്തുവാനൊട്ടു പൂതി.
പാതി വില വേണേല്‍ ഞാന്‍ തന്നിടാമേ
പൂതി തീരോളവും നല്‍ക വേണം.
പുല്ലും കുറുന്തോട്ടിവേരുമൊക്കെ
പള്ള നിറച്ചും കഴിച്ച പശുവാം.
പാലിതിന്നൌഷധ വീര്യമേറും
പാരിലിന്നാര്‍ക്കുമതില്‍ ശങ്കയില്ല.
പുന്നാര മോനല്ലെ തന്നിടാമോ?
പാല്‍ പാത്രമൊന്നിങ്ങു മോന്തുവാനായ്?
പോരിശയൊട്ടേറെ കിട്ടുമനിയാ
പൊന്നാനി മഖ്ദൂം കുടുംബമാണേ!
പൂപോലെ സ്വര്‍ഗ്ഗത്തില്‍ പോകുവാനായ്
പരിപാടി ഈസിയായ് ഞാന്‍ പറഞ്ഞു.
പിന്നാക്കം പോകുവാന്‍ തോന്നിയാലേ
പിന്നീടൊരവസരം കിട്ടുകില്ല.
പാരായ പാരിലെല്ലായിടത്തും
പോയിട്ട് മോനേ നീ കാര്യമോത്
പറയില്ലെതിര്‍വാക്കൊരു കുട്ടി പോലും
പറയാം ഞാന്‍ മുന്‍കൂട്ടി തന്നെ കാര്യം.
പോത്തിന്‍റെ പൃഷ്ടത്തില്‍ വേദമോതും
പോലെയിതാക്കേണ്ടബ്സാറ് മോനേ.
പിന്നെയും പറയുവാന്‍ കാര്യമുണ്ട്
പിന്നീട് കാണുമ്പോള്‍ ചൊല്ലിടാം ഞാന്‍.





Tuesday, September 8, 2015

താങ്ക്സിന്നു പകരം തേങ്ങ

താങ്ക്സിന്നു പകരമായ് തേങ്ങ നല്‍കൂ,
തേങ്ങയ്ക്ക് പകരമായ് കൊപ്രയാവാം. കൊപ്രയ്ക്ക് പകരമായ് എണ്ണയാവാം
കാശു തന്നാലും അത് സ്വീകരിക്കാം,
കന്നാസും കാശുമായ് മില്ലില്‍ ചെന്നാല്‍
കന്നാസ്സില്‍ എണ്ണ നിറച്ചു നല്‍കും.
എണ്ണയും കൊണ്ടങ്ങു വീട്ടില്‍ചെന്നാല്‍
പെണ്ണിന്നു സന്തോഷമേറെയാവും.
സന്തോഷം മൂത്ത് പെരുത്തു പോയാല്‍
സാമ്പാറും ചോറും റെഡിയാക്കി നല്‍കും
സാമ്പാറും ചോറും അകത്തു ചെന്നാല്‍
സായിപ്പിന് പിന്നീടുറക്കമാവും.
ഉറക്കത്തിലായാലും കവിത വിരിയും
ഉണരുന്ന നേരത്തത് കേട്ടിരിക്കാം.
കേട്ടിരിക്കാനേറെ ഇമ്പമായാല്‍
കാശു നല്‍കേണം അതിന്നു വേറെ.
എത്രയായാലും മണി പോരയെന്നു
സൂത്രത്തില്‍ ഞാനങ്ങ് ചൊന്നതാണേ.
ഗാത്രം നന്നാക്കുവാനല്ലെ കുട്ടാ?
പുഷ്ടിയായ് ഗാത്രം വളര്‍ന്നു വന്നാല്‍ ഇഷ്ടക്കേടാവേണ്ട കാര്യമില്ല.
ഇഷ്ടതോഴന്നുമതില്‍ മെച്ചമില്ലേ?
ഇഷ്ടന്നു വിമ്മിഷ്ടമായിതെങ്കില്‍
കഷ്ടകാലം വന്നു ചേരുമിഷ്ടാ.
കഷ്ടകാലം വന്നു ദുഷ്ടനാവാന്‍
ഇഷ്ടാ നീ സമ്മതിക്കല്ലെയൊട്ടും.

കുത്ത് റാത്തീബ്

കുത്ത് റാത്തീബ് പോലുള്ള കടുത്ത അനാചാരങ്ങള്‍ ഇന്നും പണ്ഡിത വേഷധാരികളുടെ കാര്‍മ്മികത്വത്തില്‍ പൂര്‍വ്വാധികം ശക്തി പ്രാപിച്ചു വരുന്ന കാഴ്ച നാം കണ്ടുകൊണ്ടിരിക്കുന്നു. നേര്‍വഴിക്ക് തെളിച്ചാല്‍ നേരെയാവുന്നലക്ഷണം കാണുന്നില്ല. അപ്പോള്‍ പിന്നെ പോവുന്ന വഴിക്ക് തെളിക്കാം അല്ലെ?


കുത്തുറാത്തീബെന്ന പുണ്ണിയ കാര്യമാണിതു ചെയ്യുവീന്‍
മുത്തു മുഹിയദ്ദീനവര്‍കള്‍ക്കിഷ്ടമാണിത് ചൊല്ലുവീന്‍.
പുത്തനാശയവാദികള്‍ക്കിത് ലേശവും രസിച്ചിടാ
ചിത്തമവരുടെയൊക്കെയും ശൈത്താന്‍റെ കൂടാണോര്‍ത്തിടാം.
പുണ്യ ശൈഖന്മാരെ കുറ്റം പറയുമക്കൂട്ടര്‍ക്കതാ
പൂതി തീരുവോളവും ജഹന്നമില്‍ പോയ് പാര്‍ത്തിടാം!
മാല മൗലൂദും വറാത്തീബൊക്കെയും വന്‍ കുറ്റമാ-
മെന്നു ചൊല്ലും മൗലവിമാരൊക്കെയും നരകത്തിലാം.
കാവലാളായ് സ്വര്‍ഗ്ഗവാതില്‍ക്കല്‍ ഇരിക്കും ശൈഖവര്‍
കാതില്‍ തൂക്കിയെടുത്തവറ്റയെ എറിയുമാ നരകത്തിലാം.
പുണ്യസ്വര്‍ഗ്ഗം പൂകുവാന്‍ കൊതിയല്‍പമുണ്ടേല്‍ ചെയ്യുവീന്‍
പുണ്യവാളന്മാര്‍ക്ക് മദ്ഹും പാടിയിട്ട്  രസിക്കുവീന്‍.
അല്ലാഹുവിന്‍ കൃപ നേടുവാന്‍ അല്ലാതെ മാര്‍ഗ്ഗമതില്ലെടോ
തെല്ലൊന്നു ചിന്ത കൊടുക്കുവീന്‍ നേരായ മാര്‍ഗ്ഗം പുല്‍കുവാന്‍.
അല്ലലില്ലാതെ സുവര്‍ഗ്ഗത്തില്‍ കഴിഞ്ഞു കൂടുവാന്‍
ഇല്ല മാര്‍ഗ്ഗം വേറെയൊന്നെന്നോര്‍ക്കുകില്‍ അത് നല്ലതാം!

Sunday, September 6, 2015

അയിലപ്പൂതി:-

അയിലപ്പൂതി:- (പുതിയ വേര്‍ഷന്‍)

ചാറ്റിന്നു പോയ സുഹൃത്തൊരുത്തന്‍
നാറ്റിച്ച കഥ കേള്‍ക്കണമെന്ന് വേണേല്‍
ഊറ്റമായ് ഞാനിന്നത് പങ്കുവയ്ക്കാം.

പഞ്ചാര തിന്നാന്‍ കൊതിയേറെ മൂത്ത്
സഞ്ചാരമായവന്‍ ചെന്നു നിന്നു
കൊഞ്ചിക്കുഴഞ്ഞു അയലത്തെ വീട്ടില്‍.

തഞ്ചത്തില്‍ വീട്ടമ്മയോട് ചൊന്നു
കൊഞ്ചാണോ കറിയിന്നു പൊന്നു ചേച്ചീ?
തഞ്ചത്തില്‍ പയ്യന്‍ പറഞ്ഞു നിര്‍ത്തി.

അയിലയാണെന്നവള്‍ ചൊന്ന നേരം
അയില തിന്നാനാര്‍ത്തിയേറെ മൂത്തു,
അയിലയോടിഷ്ടമാണെന്നു ചൊല്ലി.

ചൊല്ലേണ്ട താമസം പെണ്ണ് ചൊല്ലി
പുല്ലേ നിനക്കെന്നെയിഷ്ടമെന്നോ!
'കൊല്ലും ഞാന്‍ നിന്നെ' ഉറഞ്ഞു തുളളി.

പയ്യനോ വിറ കൊണ്ടു നിന്നു തൂറി,
അയ്യേ അവനൊട്ടാകെ നിന്നു നാറി!
പയ്യന്‍റെ മീന്‍ പൂതിയൊക്കെ മാറി.

(Dear ones, without remembering that this was in the blog I put a new version in this. Now when I looked both of them I felt like not deleting either. Since both are purely the product of my imagination, I think I need not delete either. Let them lie there as such.(M A Rahman 4 Sept 2016)

ചണ്ടി നീക്കാന്‍ കൂട്ടയോട്ടം

ചണ്ടി നിറഞ്ഞത്‌ കണ്ടിട്ടതിനൊരു
കുണ്ടാമണ്ടി നിറഞ്ഞ മരുന്ന് രണ്ടത്താണി നിവാസികളയ്യോ
കണ്ടുപിടിച്ചത് പുതിയൊരു മാര്‍ഗ്ഗം!
രണ്ടും കല്‍പ്പിച്ചങ്ങോട്ടോടുക വീണ്ടും വീണ്ടും കൂട്ടത്തോടെ.
രണ്ടത്താണിയില്‍ ഇത്രയുമധികം
ചണ്ടികളടിയാന്‍ കാരണമെന്തേ?
കൂട്ടത്തോടെ ഓടിയകന്നാല്‍
കൂടുകയില്ലേ ചണ്ടികള്‍ പിന്നേം?
ചണ്ടികളിങ്ങനെ കൂട്ടിയിടുന്നോര്‍
തെണ്ടികളാണോ, മണ്ടന്മാരോ?
ഏതു ഗണത്തില്‍ പെട്ടവരെങ്കിലും
കാതില്‍ തൂക്കിഎടുക്കണമവരെ
ചിക്കന്‍ വെയ്സ്റ്റും പ്ലാസ്റ്റിക് ചവറുമ-
തൊക്കെക്കൊണ്ടും നാട് മുടിഞ്ഞു.
നാറ്റം മൂത്തതിലൂറ്റം കൊള്ളും
ചെറ്റകളവരുടെ തേറ്റ പിടിച്ച്
മാറ്റിക്കേണം, ഇപ്പണി മേലില്‍
ഏറ്റുകയില്ലാ പറയിക്കേണം.
ചണ്ടികളെല്ലാമവരെക്കൊണ്ട്
തോണ്ടിച്ചിട്ടിങ്ങോട്ട് വരേണം.
കോഴിപ്പാ്‍ട്സുകളെറിയും കൂട്ടര്‍
കോഴിക്കോട്ടും പലയിടമുണ്ടേ
എന്നൈട്ടിയില്‍ പോകും വളവില്‍
ഇന്നും നാറ്റമതുണ്ട് സുഹൃത്തേ
പലവുരുവാളുകള്‍ പതിയിലിരുന്നു
പിടിയില്‍ കിട്ടീട്ടില്ലയൊരുത്തനെ.
ഒളികാമറകള്‍ വയ്ക്കാമെന്നൊരു
പൊളിവാക്കാരോ പണ്ടു പറഞ്ഞു.
വാക്കാല്‍ വെടി പൊട്ടിച്ചാ കൂട്ടര്‍
തോക്കില്ലാതെ മടങ്ങിപ്പോയി.
ഓട്ടം നിര്‍ത്തിപ്പോകും മുന്നേ
ഓടി വരേണം ഇങ്ങും പൊന്നേ..
ഓട്ടം കൊണ്ടതകറ്റാമെങ്കില്‍
നേട്ടം നമ്മള്‍ക്കെല്ലാവര്‍ക്കും.

Saturday, August 29, 2015

ചെറിയ തട്ടിപ്പും വലിയ വെട്ടിപ്പും

കോടികള്‍ വെട്ടിച്ച് ജുവലര്‍ മുങ്ങിയെന്ന വാര്‍ത്ത കേട്ട പാടെ സുഹൃത്ത് ചൊന്നു സാരമില്ലാ മോനേ. പട്ടിണിപ്പാവങ്ങളുടെ ചട്ടിയില്‍ കയ്യിട്ടു തുട്ടുകള്‍ വാരിയെടുക്കും മന്ത്രിയേക്കാള്‍ ഭേദം. മന്ത്രിയെന്നാല്‍ കള്ളനല്ലേ തന്ത്രിയെപ്പോല്‍ കുഞ്ഞേ,
തന്ത്രമവനില്‍ സകലതും ഉണ്ടെന്നതും അനിഷേധ്യം..
ബാങ്ക് വെട്ടിപ്പും സകല മാതിരി വെട്ടിപ്പും
സാധുവാക്കാന്‍ മേല്‍പ്പറഞ്ഞത് ന്യായമല്ലാ കേട്ടോ.
കട്ടു കൊണ്ടുവന്ന മുതലും വാങ്ങലും വന്‍ കുറ്റം
ഇട്ടുതന്നതല്ലെ മുസ്ല്യാര്‍ ഓത്തുപള്ളീലന്നു?
പൊന്നിനോടുള്ള ഭ്രമം നമ്മള്‍ക്ക് വമ്പന്‍ നാശ-
മെന്നുമുള്ള കാര്യവും മൊളിന്തതല്ലേ  വേദം?
പൊന്നു കിട്ടാതെ മനുഷ്യര്‍ പെണ്ണ് കെട്ടുകയില്ല-
യെന്നതായി മാറിയില്ലേ കാലഗതിയെന്നോര്‍ക്ക്
കൂരയില്‍ കിടന്നു പെണ്‍മക്കള്‍ കരയും കാഴ്ച
ആരെയും പറഞ്ഞറിയിക്കേണ്ടതില്ലാ പൊന്നേ.
പട്ടിണിപ്പാവങ്ങളായ വീട്ടുകാര്‍ക്കും പിന്നെ
നാട്ടുകാര്‍ക്കുമൊക്കെ പെണ്ണൊരു ഭാരമാവുകയില്ലേ?
പെരിയ ആദര്‍ശം വിളമ്പിയ മൌലവിമാര്‍ക്കൊന്നും
തീരെ കയറുകയില്ല കാര്യമിതുള്ളിലേക്ക്. തന്നെ
മാല മൌലൂദുമതെല്ലാം പാപമാണ്, പക്ഷെ
ആലമിന്നിക്കോലമായതു കണ്ടതില്ലാ പൊന്നേ
തൊപ്പി താടിയും വഹിച്ച് നടനമാടും മൌലാ-
മൂപ്പരടിയില്‍ മുണ്ടുടുക്കാന്‍ വിസ്മരിക്കും. കണ്ടോ

Friday, August 28, 2015

വിലക്കയറ്റ ഭീകരര്‍

[വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്തിയതായി മന്ത്രി അനൂപ്‌ ജേക്കബ്]

വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്തുവാന്‍
വിദേശി മല്ലരെയിറക്കി മണ്ണിതില്‍
തടിമാടന്മാരിങ്ങിറങ്ങി വന്നതായ്
ശ്രുതിയെങ്ങും നാട്ടില്‍ പരന്നു ശീഘ്രമില്‍.
മലയ്ക്ക് മേലെയായ് നിലയുറപ്പിച്ച
വിലയാം ഭീകരര്‍ ഇറങ്ങിയോടിയേ.
തടിച്ച മീശയുള്ളതീവ സുന്ദരന്‍
മിടുക്കനാം മന്ത്രിക്കഭിവാദനങ്ങള്‍!
ഇടിമിന്നല്‍ പോലെ നിമിഷം കൊണ്ടവന്‍
അടിച്ചു കൊന്നതാം പിടിച്ച കൂട്ടരെ.
പ്രകടനം കണ്ട ജനങ്ങളൊക്കെയും
പ്രകമ്പനം കൊണ്ടോരപൂര്‍വ്വ വിസ്മയം!
അതിര്‍ത്തിക്കപ്പുറമിരിക്കും കൂട്ടരാല്‍
പരിശീലിപ്പിച്ചു വിടുന്ന ഭീകരര്‍
നിരപരാധരാം ജനത്തെയല്ലയോ
അരും കൊല ചെയ്തു വിടുന്നു നിര്‍ദ്ദയം!


 




Thursday, August 27, 2015

മാവേലിയും സിങ്കിയോ?

മാവേലിയെ കാത്തു നിന്നുനിന്ന്
മാലോകരെല്ലാം കുഴഞ്ഞുവല്ലോ
വിഷമേറും സാമ്പാറും സദ്യ കണ്ടു
വിഷയം മറന്ന പോല്‍ മുങ്ങി മൂപ്പര്‍.
വേതാളര്‍ നാടു ഭരിച്ചിടുമ്പോള്‍
പാതാളമൊട്ടേറെ മെച്ചമല്ലോ.
ഇക്കൂട്ടരേക്കാളൊട്ടേറെ ഭേദം
നാല്‍ക്കാലിക്കൂട്ടമതെന്നു തിട്ടം.
കളളവും ചതിയുമല്ലാതെയൊന്നും
കളളപ്പഹയര്‍ക്കറിഞ്ഞു കൂടാ.
സരിതയില്‍ നീന്തിക്കളിക്കയല്ലോ
ഭരണം നടത്തുന്ന കൂട്ടരെല്ലാം.
കോഴയും കോഴിയും തിന്നു തിന്ന്
വാഴുന്നുളുപ്പൊട്ടും തീണ്ടിടാതെ.
മോണോ റെയിലെന്നേറെ പാടിയിട്ട്
വേണോ റെയിലെന്നാക്കി വിട്ടു കൂട്ടര്‍
മെട്രോയെന്നവസാനം പേര് മാറ്റി
വിഡ്രോവലാക്കീട്ട് മുങ്ങി പിന്നെ.
ഉണ്ടയൊന്നങ്ങു പൊട്ടിച്ചു വിട്ടു
ഉണ്ടാക്കാം ലൈറ്റ് മെട്രോ സൂപ്പറൊന്ന്.
ലൈറ്റിന്‍റെ ആപ്പീസ്സും പൂട്ടിയിട്ട്
ലെയ്റ്റായി ശ്രീധര്‍ജി കെട്ടുകെട്ടി.
എണ്ണിപ്പറയുകില്‍ കാര്യ വ്യാപ്തി
വിണ്ണിലൊതുങ്ങുക പോലുമില്ല.

Friday, August 21, 2015

മോഹവും മേഹവും



മോഹങ്ങള്‍ കൊണ്ട് മനം നിറച്ചു
മേഹം വന്നെല്ലാം തകര്‍ത്തെറിഞ്ഞു.
മോഹവും മേഹവും മധുരമല്ലോ
മോഹം തകര്‍ക്കുന്നു ദേഹി
മേഹം തകര്‍ക്കുന്നു ദേഹം.

Friday, August 14, 2015

വാര്‍ഡ്‌ വിഭജന കീറാമുട്ടി



പിരിയനാമീ മുട്ടിയൊന്നു കീറാന്‍
ബിരിയാണി തന്നിട്ടു കാര്യമില്ല.
ഉരിയേണ്ടി വരുമല്ലോ മുണ്ട് നമ്മള്‍
ശരിയായ വിധമൊന്നിതു സ്പ്ലിറ്റ് ചെയ്യാന്‍.
ഉരിഞ്ഞാലും ഹോപ്പില്ല കുഞ്ഞനാലീ
കരിയാതെ അപ്പമിത് ചുട്ടെടുക്കാന്‍.
പിരിമുറുക്കാക്കല്ല ചാണ്ടിയേട്ടാ,
അരിയും ചില്ലാനവും വേറെ നല്‍കാം.
സരിതയില്‍ മുങ്ങിക്കുളിച്ചു പോരാം
കുരിശൊന്നിതങ്ങോട്ടിറക്കിവെച്ചാല്‍.
കുരിശു നീക്കീടുന്ന പ്രശ്നമില്ലാ
കരയാതെ ശീഘ്രം നിവൃത്തിയാക്ക്.
.

Sunday, August 9, 2015

ചക്ക മാഹാത്മ്യം

ചക്കമാഹാത്മ്യം:



ചക്കപ്പുരാണം:
ചക്കയെന്നുളള പ്ലാവിന്‍റെ കായയില്‍
ചുക്കുമില്ലെന്നു പാക്കരന്‍ ചൊല്ലവേ
ചേക്കുകാക്ക ഡിഫന്‍ററായ് ചൊന്നെടോ
'ഒക്കെയുണ്ടെടോ ചക്കയില്‍ പാക്കരാ!'

ജീവകം 'ക' തൊട്ട് 'ഗ' വരെ ചക്കയില്‍
ജീവന്‍ തുടിപ്പിക്കുമാറുണ്ട് കേള്‍ക്കണം.
കാന്‍സര്‍, പ്രമേഹം തുടങ്ങുന്ന മാരികള്‍-
ക്കൊക്കെയുമൗഷധം ചക്കയെന്നോര്‍ക്കണം.

ചക്കക്കുരുവിന്നു ഗള്‍ഫിലെ മാര്‍ക്കറ്റി-
ലൊക്കെയും സൂപ്പറാം താരമായില്ലെടോ!
കീഴ്വായു വിട്ടു നടന്ന ചക്കക്കുരു
കീഴ്മേല്‍ മറിഞ്ഞിട്ടിന്നുതസ്ഥാനനായ്.

സാമ്പാറും ചോറുമുരുട്ടി വിഴുങ്ങിയി-
ട്ടേമ്പക്കം വിട്ടതാം പട്ടരുടെ പളളയില്‍
ചക്കയും കഞ്ഞിയും സ്ഥാനം പിടിച്ചതു-
മൊക്കെയും വിധി തന്‍റെ വിളയാട്ടമല്ലയോ?

ഇക്കണ്ടതൊക്കെയാം കാര്യമിന്നെങ്കിലും
ചക്കയ്ക്ക് ഭാഗ്യം തെളിഞ്ഞില്ല കൂട്ടരേ.
ചക്കയ്ക്ക് ചുക്കാന്‍‍ പിടിക്കുന്ന കൂട്ടരെ-
യോര്‍ക്കവേ ഞാനിന്നുമൂറിച്ചിരിച്ചുപോയ്.

ചക്ക വിറ്റീട്ടുള്ള കാശു കൊണ്ടൊക്കെയും
തക്കാളി, മുക്കാളി വിഷമുളളതൊക്കെയും
ചാക്കിലാക്കി വരുന്നുണ്ട് കണ്ടുവോ?
ചീക്കിലേക്കാണല്ലോ ഗതിയെന്നതും ദൃഢം!

Saturday, August 8, 2015

ഫെയ്സ്ബുക്ക് എന്ന നരഭുക്ക്



പല ജാതി വേലകളൊക്കെയും കാണിക്കും,
വലയില്‍ കുടുക്കും നമ്മളെ ഫെയ്സ്ബുക്ക്.
സകല പിശാചും വന്നിതില്‍ നിവസിക്കും
സകലത്തിനേം എടങ്ങേറിലാക്കും നോക്ക്.
വല്ലാത്ത പുലിവാലാണിതിന്‍ പൊല്ലാപ്പ്
തെല്ലൊന്നുമല്ലിത് കൊണ്ടുവന്ന ഹലാക്ക്‌!
നേരായവണ്ണം വഴി നടക്കും മര്‍ത്യരെ
വേരോടെ പിഴുതിത് നാശമാക്കും മക്കളേ!
ശൈത്താന്‍റെ പൃഷ്ടത്തില്‍ മുളച്ചീ ബുക്ക്
ശൈഥില്യമാക്കും സകലതും സൂക്ഷിക്ക്!
ഇതുപോലെയുള്ള ബലാല് നേരംകൊല്ലി
ചിത തന്നെ നമ്മള്‍ക്കിവനൊരുക്കുകയില്ലേ?
പ്രച്ഛന്ന വേഷം പൂണ്ടു വരുമിബിലീസ്സ്
സ്വച്ഛതയൊക്കെ തകര്‍ത്തവന്‍ മുങ്ങീടും,
കരുതീട്ട് കൈകാര്യം നടത്തുകില്‍ നല്ലതാം
വരുതീല്‍ നിറുത്താന്‍ വൈഭവം ഉണ്ടെങ്കില്‍.

Sunday, August 2, 2015

ബാപ്പുവിന്‍റെ ആശ

കാശു ലേശമതും കൂടി ലഭിക്കയാണെങ്കില്‍
ആശകളിനിയുമൊട്ടേറെ പൂര്‍ത്തിയാക്കുവാനുണ്ട്.
ആശാറാമവന്‍ തൊട്ട് പലവിധ സ്വാമിമാര്‍ മൊത്തം
കാശുണ്ടാക്കുവാനായി ജന്മമെടുത്ത പുണ്യാളര്‍.
വള്ളിക്കാട്ടൊരു ഭ്രാന്തി ഉലകിന്‍ ദേവിയായ് മാറി,
കള്ളന്മാരെ പൂജിക്കാന്‍ ആളുകളേറെയായ് നാറി.
കാന്തകോമാളിയെന്നൊരു ക്രിമിനലിന്‍ കാര്യം
ചിന്തയിലന്തിയാക്കീടും വണ്ണംവച്ചു വലുതായി.
വീര വെടിവീരര്‍ അനവധി വാഴുമീ നാട്ടില്‍ - ഇന്ന്
തീരെ വിലയില്ലാ വസ്തു ചോരയായ് മാറി.
രാമദേവേട്ടന്‍ ഉന്നത സ്ഥാനവും പേറി
രാജ്യത്തിന്‍റെ ചെങ്കോലുമേന്തി നടക്കയാണല്ലോ.
മാനമത് വിറ്റ് കാശുണ്ടാക്കിയാലിന്നു
മാനം കാശു നല്‍കീടും എന്നത് പരമമാം സത്യം!
കള്ളസ്വാമികളും ഔലിയമാരവര്‍ക്കെല്ലാം
വെള്ളം പോലെ കാര്യങ്ങള്‍ നീക്കാനെന്തു സൗകര്യം!


Friday, July 31, 2015

ഘൌരീ വാപസി

സ: ഗൌരിയമ്മ പഴയ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലേക്ക് തിരിച്ചു വരുവാന്‍ ഒരുങ്ങി നില്‍ക്കുന്നതാണ് പശ്ചാത്തലം. സഖാവ് മര്‍ഹൂം കൃഷ്ണപിള്ളയുടെ ജന്മദിനത്തില്‍ ആണ് തരിച്ചു പഴയ പാളയത്തിലേക്ക് മടങ്ങുവാന്‍ തീരുമാനിച്ചിരിക്കുന്നത്.

മുര്‍ത്തദ്ദന്നായ ഗൌരി ഗര്‍ത്തത്തില്‍ വീണ നേരം
കര്‍ത്തവ്യ ബോധമെത്തി ദീനിലായല്ലോ - റബ്ബേ
എര്‍ത്തില്‍ നിന്നങ്ങു  പോകും മുമ്പ് വന്നെത്തി.
പിള്ള തന്‍ ജന്മനാളില്‍ തള്ളയെ താങ്ങി നിര്‍ത്തി
കള്ളന്മാര്‍ സാക്ഷിയായിട്ടുള്ളിലുള്‍ക്കൊണ്ട് - ചൊല്ലും
കൊള്ളക്കാര്‍ പേരിലന്നു ശഹാദത്തന്നേരം.
****************************************
സാങ്കേതിക പടങ്ങളുടെ അര്‍ത്ഥം.

മുര്‍ത്തദ്ദ് = മതഭ്രഷ്ട
ദീന്‍ = മതം 
ശഹാദത്ത് = സത്യവാചകം
ഒരാള്‍ മറ്റൊരു മതത്തില്‍ നിന്ന് ഇസ്ലാം മതത്തിലേക്ക് വരുന്ന നേരത്ത് ചൊല്ലുന്ന സത്യവാചകം അര്‍ത്ഥം ഉള്ളിലുള്‍ക്കൊണ്ടു നാവു കൊണ്ട് സാക്ഷികള്‍ മുമ്പാകെ വെളിവാക്കി പറയേണ്ട ഒരു സത്യവാചകം ഉണ്ട്. അതുപോലെ തന്നെ മതഭ്രാഷ്ടനായ ആള്‍ തിരിച്ചു പഴയ മതത്തിലേക്ക് തിരിച്ചു ചെല്ലുമ്പോഴും.

കശാപ്പുകാരന്‍റെ പോത്തിനോട്

പെരുന്നാളിന് കശാപ്പു ചെയ്യാന്‍ വേണ്ടി കൊണ്ടുവന്നു നിര്‍ത്തിയ ഒരു പോത്തിന്‍റെ ചിത്രവും അതില്‍ പോത്ത് ആത്മഗതം ചെയ്യുന്നതായി ഇപ്രകാരം ഒരു കാപ്ഷനും കണ്ടു. "മാസം കാണുമോ? ഓടാനാണ്" ആ പോത്തിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണിത്. കഴിഞ്ഞ 16-07-15-ന് അമാവാസി ദിനായിരുന്നുവല്ലോ. നഗ്ന നേത്രം കൊണ്ട് പുതുചന്ദ്രക്കല കാണാന്‍ സാധ്യതയില്ലാത്ത ദിവസവും ആയിരുന്നു. അതാണ് പശ്ചാത്തലം

അമാവാസി ദിനത്തിലമ്പിളി കാണാന്‍ വഴിയില്ല,
ഇമാമീങ്ങള്‍ പലരും കണ്ടതാമെന്നിട്ടും - പലകുറി
കൂട്ടായ് കാപ്പാടിലും നാമോര്‍ക്കണം പോത്തേ!

ഓടീട്ടും രക്ഷയില്ല, പോത്തിന്‍ പുറത്തു കേറി
കാലന്മാര്‍ കത്തിയുമായ്‌ കാത്തു നില്‍പ്പുണ്ട് - പിറകില്‍
കോലായില്‍ നാക്കു നീട്ടിയടന്തുവാനായീ.

ആയുസ്സൊരു നാള് കൂടി നീട്ടിക്കിട്ടേണമെങ്കില്‍
അക്കാണും കമ്പിവേലിക്കപ്പുറം പൊയ്ക്കോ - അവിടെ
അമ്പിളി കാണുവാനൊരു നാള്‍ കഴിയേണം.

ശിരോവസ്ത്രം

പശ്ചാത്തലം: ഈ വര്‍ഷം CBSE-യുടെ മെഡിക്കല്‍ എന്ട്രാന്‍സ് പരീക്ഷയില്‍ ശിരോവസ്ത്രമണിഞ്ഞ് പരീക്ഷാ ഹാളില്‍ പ്രവേശിക്കാന്‍ പാടില്ല എന്ന് സുപ്രീം കോടതി നിര്‍ദ്ദേശിക്കുകയുണ്ടായി. ശിരോവസ്ത്രത്തിനുള്ളില്‍ കോപ്പിയടിക്കാനുള്ള വസ്തു ഒളിപ്പിച്ചു വയ്ക്കും എന്ന ഭീതിയാലാണത്രേ ഇങ്ങിനെയൊരു നിര്‍ദ്ദേശം ഉണ്ടായത്. അതിനെപ്പറ്റി ഞാന്‍ ഫെയ്സ്ബുക്കില്‍ പ്രതികരിച്ചതാണ് ഇത്.

തലയ്ക്ക് മേല്‍ തട്ടമിടുന്ന കാര്യം
വിലക്കി മേല്‍ക്കോടതി വിവസ്ത്രയായി.
വിവസ്ത്രരായ് ഹാളില്‍ വരേണമെന്നും
വിധിക്കുമോ കോടതിയെന്നു പേടി.
വിരുതുള്ള പിള്ളേര്‍ക്ക് കോപ്പി ചെയ്യാന്‍
വിവസ്ത്രരായാലും പ്രശ്നമുണ്ടോ?
ചിന്തിക്കയാണേലൊരു പാട് കാര്യം
അന്തമില്ലാതെ കിടക്കയല്ലോ!
വിധിയൊന്നിതിമ്മാതിരിയിട്ടയാളെ
വിവരിച്ചിടാം നമ്മള്‍ക്കിപ്രകാരം
തലയ്ക്കകത്തിരി മലം കലര്‍ന്നാല്‍
മുലയും മറക്കേണ്ടയെന്നു ചൊല്ലാം.



തൊപ്പിക്കുട (മാപ്പിളപ്പാട്ട്)

രചനാ പാശ്ചാത്തലം: വളരെ പ്രായം ചെന്ന ഒരു ഫെയ്സ്ബുക്ക് സുഹൃത്ത് ഒരു അഭിപ്രായ പ്രകടനം നടത്തിയത് കണ്ടു, "നമ്മുടെ ഇന്നത്തെ  ശീലക്കുടകള്‍ക്ക് ഒന്നും തന്നെ നമ്മുടെ പഴയ കാലത്തെ തൊപ്പിക്കുടയോളം  (ഓലക്കുട)) ഗുണമില്ല കേട്ടോ" അതിന്ന്‍ ഞാനിട്ട കമന്‍റാണിത്.അതില്‍ നേരിയ ഒരു എഡിറ്റിംഗ് നടത്തിയിട്ടുണ്ട്. കഴിഞ്ഞ  21-07-15-ന് രചിച്ചതാണ്. പല രചനകളും  ഇതിന്‍റെ സാങ്കേതികത വശമില്ലാത്ത  കാരണം ബ്ലോഗില്‍ കുറിച്ചിടാന്‍ പറ്റിയിട്ടില്ല. ഇന്ന് കുറച്ചു പരിശ്രമിച്ച ശേഷം അത് ബ്ലോഗില്‍ ഇടുകയാണ്.

തൊപ്പിക്കുട തന്‍ പോരിശയെപ്പറ്റി
അപ്പൂപ്പനാമൊരുവാന്‍ ഗമയില്‍ ചൊന്നേ,
'ഇപ്പോള്‍ ലഭിക്കുന്ന കുടകളൊന്നും
തൊപ്പിക്കുടയോളം ഗുണമില്ലെന്നേ'
അപ്പൂപ്പനപ്പോളത് മൊളിന്തെന്നാലും
ഇപ്പോള്‍ ഫിക്റ് വന്നത് ശരിയല്ലല്ലോ.
എപ്പോള്‍ ഉദിച്ചീ ആശയം മനസ്സില്‍?
അപ്പൂപ്പനാം ഞാനും കുഴങ്ങിപ്പോയേ.
തൊപ്പിക്കുടയുമായ് കയറാന്‍ ബസ്സില്‍
ഉപ്പാ കഴിയില്ല പടച്ചോനാണേ!
തൊപ്പിക്കുടയുമായ് ബസാറില്‍ ചെന്നാല്‍
അപ്പോള്‍ കമന്‍റൊന്നങ്ങിതു പോല്‍ കിട്ടും,
'ഓലപ്പുരയൊന്നു തലയില്‍ കേറ്റി
കോലക്കെടായൊരുവന്‍ വരുന്നത് കണ്ടോ!

എരപ്പേ ഇതും കൊണ്ട് കടക്ക് വേഗം 
'കുരിപ്പേ  മനുഷ്യരെ സുയിപ്പാക്കല്ലേ'.
തൊപ്പിക്കുടയിപ്പോള്‍ കണി കാണാനും
തപ്പി നടന്നാലും ലഭിക്കില്ലെങ്ങും.
അപ്പം ലഭിക്കുന്ന പണിയാണേലും
അപ്പണിയെടുക്കുവാന്‍ വരില്ലായാരും.
ഇപ്പോള്‍ പുരാവസ്തു ഗണത്തില്‍ ചേരും
തൊപ്പിക്കുടയെന്നു ധരിച്ചു കൊള്‍ക.


പെപ്സി എത്ര നല്ല പാനീയം!

രചനാ പശ്ചാത്തലം: പെപ്സിയുടെ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന ഒരു യുവാവ് തന്‍റെ സുഹൃത്തിന്‍റെ കൂടെ ഒരു ഹോട്ടലില്‍ കയറി. സുഹൃത്ത് കുടിക്കാന്‍ വേണ്ടി രണ്ടു പെപ്സിക്ക് ഓര്‍ഡര്‍ ചെയ്തു. അപ്പോള്‍ അതിഥിയായ സുഹൃത്ത് അത് നിരസിച്ചു. വളരെ നിര്‍ബ്ബന്ധിച്ചിട്ടും അയാള്‍ പെപ്സി കുടിക്കാന്‍ വിസമ്മതിച്ചു. ടിയാന്‍ പറഞ്ഞു, ഞാന്‍ ഒരിക്കലും പെപ്സി കുടിക്കാറില്ല'  'നിങ്ങളൊന്നും ഈ കാലത്ത് ജീവിക്കേണ്ടവനല്ല എന്ന് ആതിഥേയന്‍ പറഞ്ഞു. ആട്ടെ, എന്താണ് നിങ്ങള്‍ ഇത് കുടിക്കാത്തത് എന്നൊന്ന് പറഞ്ഞു തരാമോ? അപ്പോള്‍ ടിയാന്‍ ഇപ്രകാരം പ്രതിവചിച്ചു, സുഹൃത്തേ, ഞാന്‍ ഗള്‍ഫില്‍ പെപ്സിയുടെ ഫാക്ടറിയില്‍ ജോലി ചെയ്ത ആളാണ്‌. അവിടെ ഡ്യൂട്ടി ചെയ്യുമ്പോള്‍ ഗം ബൂട്ടും ഗ്ലൌസും  ഇടണം. ഒരു ദിവസം അല്‍പ സമയം ഇവയൊന്നും ഇടാതെ ജോലി ചെയ്യേണ്ടി വന്നു. കൈകളിലും കാലിലും ഇതുണ്ടാക്കാന്‍ ഉപയോഗിക്കുന്ന കെമിക്കല്‍ പൌഡര്‍ പുരണ്ടു പോയി. വൈകീട്ട് താമസ സ്ഥലത്തു എത്തിയപ്പോഴേക്കും എന്‍റെ കൈകാലുകള്‍ പോള്ളലേറ്റ മാതിരി വ്രണമായിപ്പോയി. അപ്പോഴാണ്‌ എനിക്ക് ബോധ്യമായത് പെപ്സി എത്ര മാരകമാണെന്ന്. ഇത് കേട്ട പാടേ ആതിഥേയനും കുടിക്കാന്‍ തുടങ്ങിയ കുപ്പി ബേസിനില്‍ ഒഴിച്ചു കളഞ്ഞു. നമ്മുടെ മക്കളോടും പേരമക്കളോടും ഇതിന്‍റെയും നമ്മള്‍ ഉപയോഗിക്കുന്ന മറ്റു ബേക്കറി ഉത്പന്നങ്ങളുടെയുമൊക്കെ ദോഷവശങ്ങള്‍ പറഞ്ഞു കൊടുത്താലും അവര്‍ എതിര്‍ക്കും. ഇനി അനുഭവത്തില്‍ നിന്ന് പഠിക്കുക തന്നെ വേണ്ടിവരും ഈ സ്വഭാവം മാറണമെങ്കില്‍. 

പെപ്സിയെ കുറ്റം പറഞ്ഞു പോയാല്‍ 
കുട്ടികള്‍ എന്നെക്കയര്‍ത്തു കേറും 
അപ്സെറ്റായ് വാക്കുകള്‍ കേട്ട പാടേ
കുടിനീരിനിതിലേറെ മെച്ചമെന്ത്?
പെപ്സി കുടിച്ചു വളര്‍ന്നതല്ലേ
കുഞ്ഞായ നാള്‍ തൊട്ടു ഞങ്ങളെല്ലാം?
എന്നിട്ടും ചൊല്ലുന്നു നിങ്ങളെല്ലാം
പെപ്സിയീത് വിഷമാണതെന്ന് നിത്യം.
എല്ലുകള്‍ എല്ലാം ദ്രവിച്ചു പോകും
എന്നെല്ലാം നിങ്ങള്‍ പറഞ്ഞതല്ലേ?
എല്ലൊന്നുമില്ലാതെ പിന്നെ ഞങ്ങള്‍ 
എങ്ങിനെയിങ്ങനെ  നൃത്തമാടും?
എന്നൊന്ന് ചൊല്ലാമോ നിങ്ങളിന്ന്
തെന്നിക്കളിക്കാതെ നിങ്ങളിന്നു?
ബഹുരാഷ്ട്ര ഭീമന്‍ അതെന്നു ചൊല്ലി
ബഹുദൂരം നിങ്ങള്‍ നടന്നതല്ലേ?
എന്നിട്ടും വാഴുന്നീ പെപ്സിയെന്നും
എജമാനനായിട്ടിന്നോളമായി.
അവസാനം മക്കള്‍ പറഞ്ഞു നിര്‍ത്തി
അച്ഛനാണെന്നൊന്നും നോക്കുകില്ല 
മൂച്ചിപ്പിരാന്തങ്ങു  മാറ്റിയേക്കും.