Sunday, August 9, 2015

ചക്ക മാഹാത്മ്യം

ചക്കമാഹാത്മ്യം:



ചക്കപ്പുരാണം:
ചക്കയെന്നുളള പ്ലാവിന്‍റെ കായയില്‍
ചുക്കുമില്ലെന്നു പാക്കരന്‍ ചൊല്ലവേ
ചേക്കുകാക്ക ഡിഫന്‍ററായ് ചൊന്നെടോ
'ഒക്കെയുണ്ടെടോ ചക്കയില്‍ പാക്കരാ!'

ജീവകം 'ക' തൊട്ട് 'ഗ' വരെ ചക്കയില്‍
ജീവന്‍ തുടിപ്പിക്കുമാറുണ്ട് കേള്‍ക്കണം.
കാന്‍സര്‍, പ്രമേഹം തുടങ്ങുന്ന മാരികള്‍-
ക്കൊക്കെയുമൗഷധം ചക്കയെന്നോര്‍ക്കണം.

ചക്കക്കുരുവിന്നു ഗള്‍ഫിലെ മാര്‍ക്കറ്റി-
ലൊക്കെയും സൂപ്പറാം താരമായില്ലെടോ!
കീഴ്വായു വിട്ടു നടന്ന ചക്കക്കുരു
കീഴ്മേല്‍ മറിഞ്ഞിട്ടിന്നുതസ്ഥാനനായ്.

സാമ്പാറും ചോറുമുരുട്ടി വിഴുങ്ങിയി-
ട്ടേമ്പക്കം വിട്ടതാം പട്ടരുടെ പളളയില്‍
ചക്കയും കഞ്ഞിയും സ്ഥാനം പിടിച്ചതു-
മൊക്കെയും വിധി തന്‍റെ വിളയാട്ടമല്ലയോ?

ഇക്കണ്ടതൊക്കെയാം കാര്യമിന്നെങ്കിലും
ചക്കയ്ക്ക് ഭാഗ്യം തെളിഞ്ഞില്ല കൂട്ടരേ.
ചക്കയ്ക്ക് ചുക്കാന്‍‍ പിടിക്കുന്ന കൂട്ടരെ-
യോര്‍ക്കവേ ഞാനിന്നുമൂറിച്ചിരിച്ചുപോയ്.

ചക്ക വിറ്റീട്ടുള്ള കാശു കൊണ്ടൊക്കെയും
തക്കാളി, മുക്കാളി വിഷമുളളതൊക്കെയും
ചാക്കിലാക്കി വരുന്നുണ്ട് കണ്ടുവോ?
ചീക്കിലേക്കാണല്ലോ ഗതിയെന്നതും ദൃഢം!

No comments:

Post a Comment