Wednesday, September 26, 2012

തലച്ചായം

ഒരു നാള്‍ ബസ്സില്‍ യാത്രാവേളയി-
ലൊരുവന്‍ ചൊന്നൂ നല്ലൊരു കാര്യം.
'ചായമൊരിത്തിരി മുടിയില്‍ തേച്ചാല്‍
പ്രായമൊരൊത്തിരി കുറവായ്‌ തോന്നും'

വീടിനു മുമ്പില്‍ക്കൂടെ നടക്കും
മുടിയൊന്നായി നരച്ചൊരു ചേട്ടന്‍
ഖദറിന്‍ ഷര്‍ട്ടും വേഷ്ടിയണിഞ്ഞു
ലെതറിന്‍ ചപ്പലുമിട്ടാ ചേട്ടന്‍.

ഇന്നലെ വരെയും നല്ലൊരു കിഴവന്‍
ഇന്നത കണ്ടീലെന്തു ചെറുപ്പം!
ചായം തന്നുടെ മികവ് പരത്താന്‍
മായാമന്ത്രമതെന്തിനു വേറെ?

ഐഡിയ കേട്ടതു പാടെയെനിക്കും
ഗോഡിനെ തോല്‍പ്പിച്ചീടണമെന്നായ്!
പാടി ഗോദ്രേജപ്പന് സ്തുതിയും
ഓടി പാക്കെറ്റൊന്നു ലഭിക്കാന്‍ .

പൊടിയില്‍ പാതിയെടുത്തു കലക്കി
മുടിയില്‍ തേക്കാന്‍ നോക്കിയ നേരം
മുടിയില്ലെന്നൊരു സത്യമറിഞ്ഞു
അടിയന്‍ വിരല് കടിച്ചന്നേരം.

മൊട്ടത്തലയില്‍ ചായം തേച്ചാല്‍
വട്ടാണിവനെന്നാളുകള്‍ പറയും.
അക്കിടി പറ്റിയ കാര്യമതോര്‍ത്തു
ഇക്കിളി തോന്നുമതോര്‍ക്കുന്നേരം!

സ്രഷ്ടാവപ്പനെ തോല്‍പ്പിച്ചീടാന്‍
സൃഷ്ടിയൊരുത്തനുമാവില്ലല്ലോ .
അടിയറ വെച്ചു പെരിയ വിചാരം
അടിയന്‍ തോല്‍വിയുമേറ്റ്പറഞ്ഞു .

വിലയില്ലാത്തൊരു വസ്തുവിതല്ലോ
തലയില്‍ നട്ടാലെന്തൊരു ചന്തം !
വ്യര്‍ത്ഥമതൊന്നും ഭുവനിയിലില്ല
അര്‍ത്ഥമറിഞ്ഞു പ്രയോഗിച്ചീടീല്‍..

No comments:

Post a Comment