Friday, October 12, 2012

പരദേശി


വിഷനുകള്‍ ഏറെയെന്നകതാരിലേറ്റി ഞാന്‍
വിസയൊന്നതൊപ്പിച്ചു ഗള്‍ഫിലേക്ക് .
ഒട്ടുനാളൊരുപാടലച്ചിലിന്‍ ശേഷമായ്‌
ഒട്ടകം മേയ്ക്കുന്നൊരു ജോലി കിട്ടി.
ഇരവിന്‍ തണുപ്പിലും പകലിന്‍റെ വേവിലും
കരളെന്‍റെതൊരുപോലെ ചുട്ടുനീറി.
മരുഭൂവിലന്നങ്ങിനെ ഉഴലുന്ന വേളയില്‍
മലയാളി ഒരുവന്‍റെ കൂട്ട് കിട്ടി.
എരിവുള്ള നൊമ്പരക്കഥകള്‍ പരസ്പരം
ഇരുവരും കൈമാറി നാള്‍കള്‍ നീക്കി.
കരയും സുഹൃത്തിന്‍റെ കഥകള്‍ ശ്രവിക്കവേ
കരയാതിരിക്കാന്‍ കഴിഞ്ഞതില്ല.
കര കാണാക്കടലില്‍ പെട്ടുഴലുമാ മര്‍ത്യന്നു 
ഒരു താങ്ങ് നല്‍കുവാനാശ തോന്നി .
അര മുറുക്കീട്ടു സ്വരൂപിച്ചതിന്മേലെ
അരികത്തെ ഫ്ലാറ്റിന്നു കടമായെടുത്തതും
കരതലത്തേക്ക് ഞാന്‍ കടമായ്‌ കൊടുത്തുപോയ്‌
കനിവിന്‍റെ നൊമ്പരക്കാഴ്ച പോലെ.
മൃതുവായ് ചിരിക്കുന്ന സാധുവാ മര്‍ത്യന്നു
കൊതുകിന്‍റെ മനമുള്ളതാരറിഞ്ഞു?
പൊടിപോലും കണ്ടില്ല പിന്നെയാ പഹയന്‍റെ
കടവുളേ നീയെന്നെ കയ്യോഴിച്ചു!
കടവും പെരുത്തിട്ടു മാനവും പോയി ഞാന്‍
കടലും കടന്നിങ്ങു കുടിലിലെത്തി.
തീര്‍ന്നതില്ലതുകൊണ്ടുമൊന്നുമെന്‍ കഷ്ടത
വാര്‍ന്നു പോയീടുന്നെന്‍ ചോര നീരും.
കൊടി പിടിച്ചീടുന്നു കുടിലിന്‍റെ മുമ്പിലെന്‍
കടമുള്ള മാനുജ കൂട്ടമൊന്നായ് !
ജീവിതം തേടിയങ്ങക്കരെ പോയ ഞാന്‍
ജീവച്ഛവം പോലെയായി മാറി !
കനിവിന്‍റെ കേദാരമായുള്ളോരീശ്വരാ,
കാതില്ലേ കേള്‍ക്കാന്‍ നിനക്കിതൊന്നും ?

No comments:

Post a Comment