Saturday, December 10, 2016

തെണ്ടിയോട്ടം (ഓട്ടം തുള്ളൽ)



മെച്ചപ്പെട്ട ചരക്കൊരു പാട്
കച്ചവടത്തിനിറക്കിയൊരുത്തി.
മിച്ചം വല്ലതുമുണ്ടേലൊന്നെൻ
കൊച്ചിനു വാങ്ങാമെന്നു നിനച്ചു.

പിച്ചക്കാരൻ പോലെയൊരുത്തൻ
കൊച്ചിനൊരെണ്ണമിതെങ്ങിനെ വാങ്ങാൻ!
വിൽക്കാനുള്ള ചുരീദാറൊന്ന്
നോക്കാൻ കയ്യിലെടുത്തതു പാടേ

മുക്കാലുണ്ടേലല്ലാതൊന്നും
നോക്കാൻ പറ്റില്ലെന്നവളോതി.
വാക്കതു കേട്ടതുപാടേ ഞാനും
നാക്കു തരിത്തു വിയർത്തു കുളിച്ചു.

പെൻഷനൊരിത്തിരി വന്നതു ബാങ്കിൽ
ടെൻഷൻ കൂട്ടാനായി കിടപ്പൂ.
അച്ഛനതൊന്നൊരു നാളു പറഞ്ഞു
സ്വച്ഛത നേടാൻ പോകുന്നിന്ത്യ.

അച്ഛാ ദിൻ ആനേവാലാ ഹേ
കൊച്ചേ പേടിക്കാനിനിയില്ല.
അച്ഛൻ തന്നുടെ വാക്കതു കേട്ടു
മെച്ചം തന്നെയതെന്നു ധരിച്ചു.

കൊച്ചുകളെല്ലാം ഹർഷം പൂണ്ടു.
മൂച്ചിക്കൊമ്പിലൊരൂഞ്ഞാൽ കെട്ടി.
കള്ളിലൊരൽപം സേവിച്ചാലും
കള്ളം പറയില്ലെന്നുടെയച്ഛൻ.

വെള്ളം പോലെയതമ്മയ്ക്കറിയാം
പിള്ളേർക്കെല്ലാം നന്നായറിയാം.
അച്ഛനെ നമ്പിയ കാരണമിന്നു
മിച്ചം വന്നതു ദണ്ഡം മാത്രം!

ഉള്ളൊരു സ്വസ്ഥത പോയി മറഞ്ഞു
വെള്ളം വായിൽ വറ്റിവരണ്ടു.
കാശിനു ഗതിയില്ലാതായിന്നു
റേഷൻ കടയിലുമരിയില്ലാതായ്.

വരിയിൽ പോയിട്ടെന്നും നിൽക്കും
പിരിയാൻ നേരം ബാങ്കർ പറയും
തരിയും കാശിനിയില്ല സുഹൃത്തേ!
വരിയില്‍ നാളെയുമൊന്നു ശ്രമിക്കാം.

പിരിശത്തോടവൻ ചൊന്നതു മൂലം
അരിശമടക്കി മടങ്ങിപ്പോന്നു.
തെണ്ടി നടന്നു കുഴങ്ങീയൊരു നാൾ
രണ്ടായിരമൊരു നോട്ട് ലഭിച്ചു.

മുണ്ടു മടക്കിക്കെട്ടീട്ടോടി
രണ്ടു കിലോയരി വാങ്ങാനായി.
രണ്ടായിരമതു നൽകിയ നേരം
വേണ്ടാ! ചില്ലറയില്ലെന്നരുളി.

മക്കാനിപ്പണി ചെയ്തൈരു തുച്ഛൻ
ഇക്കോലത്തിലുമാക്കി നാടിനെ!
കള്ളപ്പണമതിലാറാടിയവര്‍
വെള്ളപ്പണമായൊക്കെയൊതുക്കി.


വീമ്പു പറഞ്ഞു നടപ്പുണ്ടിനിയും
അമ്പതു നാളിൽ നാടിതു വമ്പൻ!
നമ്പാന്‍ പാടില്ലീയൊരു തന്തയെ
അമ്പേ നമ്മുടെ കാര്യം പോക്ക്!

No comments:

Post a Comment