Monday, October 10, 2016

ഒരു അമേരിക്കന്‍ ഓട്ടം തുള്ളല്‍

വായനയെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി സൗദി അറേബ്യയിലെ ജിദ്ദയില്‍ ജനാബ് കൊമ്പന്‍ മൂസ്സ എന്ന യുവ കലാകാരന്‍റെയും മറ്റു ചില എഴുത്തുകാരുടെയും കാര്‍മ്മികത്വത്തില്‍ തുടങ്ങിയ ഒരു ഗ്രൂപ്പാണ് "വായനശാല". 11-10-2016 വിദ്യാരംഭ ദിനത്തിലേക്കായി ഞാന്‍ വായശനാലയ്ക്ക് സമര്‍പ്പിച്ച കവിതയാണിത്.

വായനശാല തുറക്കും നേരം
വായാടിത്തമിതൊന്നു ശ്രവിപ്പൂ.
എന്തേ നിങ്ങളെ കണ്ടില്ലല്ലോ
പൊന്തും ചോദ്യമതെന്ന ഭയത്താല്‍
ഉന്തും തള്ളിനുമിടയില്‍ കയറീ-
ട്ടെന്തും കല്‍പ്പിച്ചാണ് സുഹൃത്തേ,
ഇത്തിരിയിവിടെ വിളമ്പിപ്പോകാ-
മൊത്തിരി കാമ്പിതിലില്ലെന്നാലും.
പെരിയ മഹാന്മാര്‍ക്കിടയില്‍ കയറി
തിരിവില്ലാത്തവന്‍ ഞാനുമൊരുത്തന്‍
വന്‍കിട കവിതകള്‍ പലതും കേട്ടു
ശിങ്കിടി പാടുക സാധ്യവുമല്ല.
വൃത്തവുമില്ലാ താളവുമില്ലാ-
തര്‍ത്ഥവുമറിയാ കവിത കുറിച്ച്
സ്വസ്ഥത പോക്കാനൊന്നുമുതിര്‍ന്നാല്‍
അസ്ഥികളൊടിയും ഭയമതുമുണ്ടേ.
എങ്കിലും വരികള്‍ രണ്ടു കുറിച്ച്
സങ്കടമൊന്നു കുറയ്ക്കാന്‍ മോഹം.
ഷഷ്ടി കഴിഞ്ഞെന്‍ കുഗ്രാമത്തിന്‍
കഷ്ടപ്പാടുകള്‍ പെരുകിയിരിക്കേ
ഇഷ്ടം പോലെ നടക്കാനുള്ളൊരു
പഷ്ടാം ക്ലാസ്സാമവസരമൊത്തു!
ഇരുപതിലേറെ മണിക്കൂര്‍ പാറി
പിരിശപ്പെട്ടൊരു നാട്ടിലിറങ്ങി.
എന്തൊരു ചന്തമതാണീ നാട്ടിന്!
മുന്തിയതാണിതു സംശയമില്ല.
പൊടിപടലങ്ങളതൊന്നും കാണാ,
തടി കേടാക്കണ സമരവുമില്ല.
നല്ല മനുഷ്യരെയെങ്ങും കാണാം
പൊല്ലാപ്പൊരു വക കാണുകയില്ല
പരിചിതരല്ലാതുള്ളവരോടും
ചിരി തൂകീട്ടു നടക്കും മര്‍ത്യര്‍.

നിക്കറുമിട്ടു നടന്നാല്‍ പെണ്ണിനെ
പോക്കിരിയൊരുവന്‍ തട്ടുകയില്ല.
നിയമങ്ങള്‍ക്കിഹ വിലയുണ്ടേറെ
ഭയമില്ലാതെ നടക്കാമതിനാല്‍.
പറയാനൊരു പാടുണ്ടെന്നാലും
അറിയില്ലെങ്ങിനെയുള്‍ക്കൊള്ളിക്കും
അതിനാല്‍ ഞാനിത് വിരമിച്ചീടാം
കൊതി തീരുന്നതിന്‍ മുമ്പേ തന്നെ.

No comments:

Post a Comment