Tuesday, October 25, 2016

പ്രാസം (മാപ്പിളക്കവിത

                             
പ്രാസമൊപ്പിച്ചു പലതും എഴുതിയൊപ്പിച്ചു - പക്ഷേ
പ്രാന്തനായിട്ടെന്‍ മുതലാളി കോപിച്ചു!
പ്രാസമൊന്നിന്നായ്‌ കവിതയെ കൊന്നൊടുക്കല്ലാ
പ്രശ്നമതേറെ വഷളായിട്ടിന്നത് നില്‍ക്കയാണല്ലോ!

വായില്‍ വന്നെത്തും വാക്കു കുറിച്ചിടാനല്ലേ
വായ തുറന്നു വെച്ചുള്ളീ പാവമൊരുത്തനിന്നാവൂ?
എന്തിനും പോന്നോരിന്നു കുറിച്ചിടും വാക്ക്
ഛന്തവുമില്ല വൃത്തമതും താളവുമില്ല നീ നോക്ക്.

എന്തു കുന്തമിത് തിരിയാതെ വഴിമുട്ടി-എന്‍റെ
ചിന്തയില്‍ കേറിയിന്നു ചിലന്തി വല കെട്ടി.
പദ്യമാണെന്നോ, അല്ലിത് ഗദ്യമാണെന്നോ
വിദ്യ പറച്ചിലാണെന്നോ കാര്യമതൊന്നുമറിയില്ല.

അക്ഷരത്തിന്മേല്‍ തൊട്ടൊരു നൃത്തമാടാനേ
പക്ഷമതൊന്നുമില്ലാത്തീ പാവം ജന്തുവിന്നറിയൂ.
കക്ഷിയാരെന്ന് ചോദിക്കേണ്ട പൊന്നിഷ്ടാ - അവനൊരു
അക്ഷരം മൂത്ത സാഹിതി തല്‍പരന്‍ കഷ്ടം!

കുഷ്ഠ രോഗത്താല്‍ വലയുന്ന കൂട്ടര്‍ക്ക്
കുഷ്ഠം മറ്റു കൂട്ടര്‍ക്കും പകരേണമെന്നാണോ?
അഷ്ടി ഞാനൊരുവന്‍ ഒപ്പിച്ചങ്ങു പൊയ്ക്കോട്ടെ
ഇഷ്ടന്‍ ഒന്നു വഴി മാറിത്തന്നേക്കണേയിഷ്ടാ!

ഉത്തരാധുനികം എന്നൊരു വാക്ക് കേള്‍ക്കുമ്പോള്‍
ചിത്തം നാശമാക്കണമോ മലയില്‍ തന്നെ കയറണമോ?
എത്തി നോക്കീടാന്‍ പോലും പേടിയാവുന്നു
ഇത്തരമൊക്കെയുന്മാദം തന്നെയെന്നു തോന്നുന്നു.

No comments:

Post a Comment