Friday, September 2, 2016

ഹോട്ട് ഡോഗ് ബണ്‍ (ഹാസ്യകവിത)

HOT DOG BUN

ചായയില്‍ കടിയ്ക്കുവാന്‍ കൊണ്ടുവന്നതാം ബണ്ണ്‍
വായിലിട്ടുതിര്‍ക്കെയെന്‍ കളത്രം വിറച്ചുപോയ്!
‘മായയോ കാണുന്നു ഞാന്‍ കവറില്‍ കുറിച്ചിത്
പ്രിയനേ, പറയണം ഹോട്ട് ഡോഗെന്നല്ലെയോ?’
ഞെട്ടലോടിരിക്കുമെന്‍ മണ്ടിയാം പെണ്ണോടു ഞാന്‍
പെട്ടെന്ന് പറഞ്ഞുപോയ്, മിഥ്യയല്ലയെന്‍ പ്രിയേ,
"ഒട്ടുമേ ശങ്കിക്കേണ്ട ഹോട്ട് ഡോഗാണെന്നതില്‍
കട്ടനില്‍ കടിയ്ക്കുവാന്‍ മേത്തരം കൂട്ടാണെടീ!"
പട്ടിയെന്നല്ലേ സഖേ, ഡോഗെന്നു പറയുകില്‍
കിട്ടിയാലെന്തും തട്ടാമെന്നതോ നിങ്ങള്‍ക്കിപ്പോള്‍?!
പട്ടിയെ തിന്നുന്നതാം കൂട്ടരുണ്ടെന്നുള്ളതും
നാട്ടില്‍ ഞാനിരിക്കവേ കേട്ടതാം പലപ്പൊഴും.
ഒട്ടുമേ വെള്ളിക്കോലില്‍ വെള്ളിയില്ലെന്നാംവണ്ണം
ഹോട്ട് ഡോഗെന്നുള്ളതില്‍ പട്ടിയില്ലെന്നോര്‍ക്കണേ!
മാട്ടിന്‍ പാല്‍ നെയ്യും മറ്റു കൂട്ടുകള്‍ ചേര്‍ത്തിട്ടിതു
ചുട്ടതാം ഹവായിയില്‍ പൊട്ടിയാം പെണ്ണേ കേട്ടോ!
നായ്ക്കളെക്കുറിച്ചുള്ള  കാര്യമോര്‍ത്തിരിക്കവേ
വായത്തലയ്ക്കിറങ്ങിയ വരിയും  കുറിച്ചിടാം.
നായകള്‍ പെരുത്തിട്ട് പേ പിടിച്ചോടീടുമ്പോള്‍
കായി നാലുണ്ടാക്കുവാന്‍ മാര്‍ഗ്ഗമായതു വഴി
പേയിളക്കത്തിന്‍ വാക്സിന്‍ വിറ്റഴിച്ചിടുന്നേരം
നായകന്മാര്‍ക്കെല്ലാര്‍ക്കും കോടികള്‍ ലഭിക്കയായ്!
രാവിലെ മിനസോട്ടയില്‍ മകന്‍റെ വീട്ടില്‍ വച്ചു ബെഡ് കാപ്പി കഴിക്കുമ്പോള്‍ ബണ്‍ കവറിന്മേല്‍ Hot dog എഴുതിയത്  കണ്ടപ്പോള്‍ പണ്ടൊരു മലയാള ദിനപത്രം പട്ടിയിറച്ചി എന്ന് മൊഴിമാറ്റം നടത്തിയ സംഭവം ഓര്‍മ്മ വന്നു. അപ്പോഴുണ്ടായ വെറുമൊരു ഭാവനാസൃഷ്ടി മാത്രമാണ്. നാട്ടിലെ പട്ടി ശല്യം യാദാര്‍ത്ഥ്യവും..

No comments:

Post a Comment