Friday, September 30, 2016

വല്ലഭന്‍റെ മോഹവും വല്ലിയുടെ ദാഹവും

വല്ലഭന്‍ ചൊന്നിന്നു വല്ലാത്ത മോഹമായ്
തെല്ലൊന്ന് വാനില്‍ പറക്കുവാനായ്!
ഫെയ്സ്ബുക്കിലിട്ടയീ പോസ്റ്റ്‌ കണ്ടിട്ടവള്‍
ലൈക്കിട്ടു ചൊന്നതാണീ കമന്‍റ്:
'മോഹങ്ങളോക്കെയും താഴെ വച്ചേക്കണം
ദാഹം എനിക്കുമുണ്ടേറെ കാന്താ.
ഏറെ നീ താഴത്തിറങ്ങുവാന്‍ വൈകിയാല്‍
വേറെയാള്‍ക്കാരുണ്ടെനിക്ക് പോകാന്‍.
മേത്തരം സാരികള്‍ മാനത്തു കിട്ടുമോ?
കാത്തിരിക്കുന്നു ഞാനേറെയായി.
കാതിലെ കമ്മലും ഫാഷനില്ലാതെയായ്
ഓതുമോ സ്റ്റൈലുള്ളതവിടെയുണ്ടോ?
ഉണ്ടെങ്കില്‍ രണ്ടെണ്ണം വാങ്ങണം മക്കള്‍ക്കും
തെണ്ടുവാനാവില്ലിനി വായ്പ വാങ്ങാന്‍.
കോയാന്‍റെ വീട്ടിലെ ടീവി കണ്ടീടണം,
കോതന്‍റെയവിടത്തെ വാഷ് മെഷീനും!
നമ്മുടെ ഫ്രിഡ്ജിന്‍റെ കോലമത് കാണുകില്‍
അമ്മൂമ്മ പോലും നാണിച്ചു പോകും!
കാറിന്‍റെ കോലമോ കാണുവാന്‍ വയ്യല്ലോ!
വേറെയൊരെണ്ണമിനി മാറ്റി വാങ്ങാം.
മഹിളാസമാജത്തിനു കാറിതില്‍ പോകവേ
മഹിളകള്‍ കളിയാക്കി നാണമാക്കി.
പഴയതാം വാഷിംഗ് മെഷീനൊന്ന് മാറ്റണം
പുതുപുത്തന്‍ വാങ്ങല്‍ അനിവാര്യമാണ്.
തനിയേയുണക്കുവാനിതിലില്ലയേര്‍പ്പാട്,
മിനിയാന്ന് കണ്ടു ഞാന്‍ ഷോപ്പിലൊന്ന്.
തോരാത്ത മഴയായിരിക്കുന്ന നേരത്ത്
ആരാണിതൊക്കെയുണക്കി നല്‍കാന്‍?
കട്ടിലും മേശയും കുട്ടികള്‍ക്കായിട്ടു
പെട്ടെന്ന് വാങ്ങണം ലോണ് കിട്ടും.
പാത്രം കഴുകുന്ന യന്ത്രമൊന്നില്ലാതെ
ഗാത്രം തകര്‍ന്നു ഞാന്‍ നാശമായി!
മുറ്റമടിക്കുവാന്‍ ആളൊന്നുമില്ലാതെ
പറ്റില്ലയെന്നോടിനി തീരെ വയ്യേ!
പരിഭവം കേട്ടിട്ട് വല്ലഭന്‍ ചൊല്ലിയേ,
'പിരിയാം നമുക്കിന്നു തന്നെ പുല്ലേ!'

No comments:

Post a Comment